മൂലമറ്റം പവര്‍ഹൗസിലെ തകരാര്‍ പരിഹരിച്ചു; മൂന്നാംനമ്പര്‍ ജനറേറ്റര്‍ ഇന്ന് പ്രവര്‍ത്തിപ്പിക്കും
തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ തകരാര്‍ പരിഹരിച്ചു. നിര്‍ത്തിവെച്ചിരുന്ന ഒന്ന്, രണ്ട് നമ്പര്‍ ജനറേറ്ററുകളില്‍ ഇന്നലെ വൈകുന്നേരം വൈദ്യുതോത്പ്പാദനം പുനരാരംഭിച്ചു. മൂന്നാംനമ്പര്‍ ജനറേറ്റര്‍ ഇന്നു പ്രവര്‍ത്തിപ്പിക്കും. 4, 5, 6 നമ്പര്‍ ജനറേറ്ററുകള്‍ സാധാരണപോലെ ഓടിക്കുന്നുണ്ട്. ഏഴുദിവസം കൊണ്ടു തകരാര്‍ പരിഹരിക്കാനായതു കെ.എസ്.ഇ.ബിക്കു നേട്ടമായി. 20 ദിവസം കൊണ്ട് തകരാര്‍ പരിഹരിക്കുമെന്നാണ് വൈദ്യുതി മന്ത്രിയടക്കം പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ 26നു മൂന്നാംനമ്പര്‍ ജനറേറ്റര്‍ ടര്‍ബൈനിലേക്ക് ഒഴുക്കുന്ന വെള്ളം നിയന്ത്രിക്കുന്ന സ്‌ഫെറിക്കല്‍ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയനെത്തുടര്‍ന്നാണു പവര്‍ ഹൗസില്‍ മൂന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. മെയ്ന്‍ ഇന്‍ലെറ്റ് വാല്‍വിലെ അപ്‌സ്ട്രീം സീലിനാണു തകരാര്‍ സംഭവിച്ചത്. മൂന്ന് ജനറേറ്റുകളിലേക്കും ഒരു പെന്‍സ്റ്റോക്ക് പൈപ്പില്‍നിന്നാണ് വെള്ളമെത്തുന്നത് എന്നതിനാല്‍ ഒന്ന്, രണ്ട് നമ്പര്‍ ജനറേറ്ററുകള്‍ കൂടി നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. ഇതോടെ 390 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ടായി. പ്രതിസന്ധി മറികടക്കാന്‍ വാര്‍ഷിക അറ്റകുറ്റപ്പണിയിലായിരുന്ന നാലാം നമ്പര്‍ ജനറേറ്റര്‍ പണി തീര്‍ക്കാതെ ഓടിക്കാന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതമാകുകയായിരുന്നു. വൈദ്യുതി മന്ത്രി എം.എം.മണി 27നു പവര്‍ ഹൗസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
മെയ്ന്റനന്‍സ് വിഭാഗത്തിലെ വാട്ടര്‍ കണ്ടക്ടര്‍ സിസ്റ്റം സബ് ഡിവിഷന്‍ അസി. എക്‌സി. എന്‍ജിനീയര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണു പണികള്‍ക്കു നേതൃത്വം നല്‍കിയത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറു ജനറേറ്ററുകളാണ് പവര്‍ ഹൗസിലുള്ളത്. ഇന്നു വൈകിട്ടോടെ പവര്‍ ഹൗസ് പൂര്‍ണസജ്ജമാകുമെന്ന് കെ.എസ്.ഇ.ബി ചീഫ് പി.ആര്‍.ഒ. മുഹമ്മദ് സിയാദ് സുപ്രഭാതത്തോട് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ഇടുക്കി പദ്ധതിയിലെ ഉത്പ്പാദനം കുറഞ്ഞ തോതിലായിരുന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 1.895 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഉത്പ്പാദനം.
714.598 മീറ്ററാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 41 ശതമാനമാണ്. 903.47 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."