സംസ്ഥാനസര്‍ക്കാര്‍ ദുരന്തനിവാരണ പാക്കേജ് തയാറാക്കണം നോട്ട് പ്രതിസന്ധി: മന്ത്രി ഐസക് റോഡ് ഷോ നിര്‍ത്തണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലം സംസ്ഥാനത്തുണ്ടായ പ്രതിസന്ധി സൃഷ്ടിച്ച അടിയന്തര സാഹചര്യം പരിഗണിച്ചു സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസം ലഭിക്കത്തക്കതരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ദുരന്തനിവാരണ പാക്കേജ് തയാറാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണ്. എന്നാല്‍ നോട്ട് പ്രതിസന്ധി കാരണം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്നകാര്യം മുന്‍കൂട്ടി കാണാനോ അതിനനുസരിച്ചു തയ്യാറെടുപ്പുകള്‍ നടത്താനോ സംസ്ഥാനസര്‍ക്കാരിനു സാധിച്ചില്ല. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രതിസന്ധി മുന്‍കൂട്ടിക്കണ്ടു കഴിഞ്ഞമാസം 20നു തന്നെ ശമ്പളത്തിനായി എത്ര രൂപ ആവശ്യമുണ്ടെന്നു കാണിച്ച് റിസര്‍വ് ബാങ്കിന് ഇന്‍ഡന്റ് സമര്‍പ്പിച്ചിരുന്നു. അവര്‍ക്കു റിസര്‍വ് ബാങ്ക് പണം എത്തിച്ചുകൊടുത്തു. എന്നാല്‍ കേരള സര്‍ക്കാര്‍ പ്രതിസന്ധിക്കനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ധനമന്ത്രി തോമസ് ഐസക് ഷോമാന്‍ഷിപ്പും റോഡ് ഷോയും നിര്‍ത്തണം. ട്രഷറികളില്‍ നിന്ന് ട്രഷറികളിലേക്ക് ഓടുന്നത് അവസാനിപ്പിക്കണം.
ദീര്‍ഘവീക്ഷണത്തോടെ നടപടി സ്വീകരിക്കാത്തതിനാല്‍ ബാങ്കില്‍ നിന്നു പിന്‍വലിക്കാന്‍ അനുമതിയുള്ള 24,000 രൂപ പോലും ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കിട്ടാത്ത സാഹചര്യമുണ്ടായി. അതിന്റെ കാരണം ധനമന്ത്രി വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാര്‍ ചെയ്ത തെറ്റ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കരുത്. പ്രതിസന്ധിയുണ്ടായപ്പോള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതു കുറഞ്ഞിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയിലായി. ഈ പ്രതിസന്ധി സംസ്ഥാനത്തെ സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. പ്രശ്‌നപരിഹാരത്തിനു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച പാക്കേജിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."