വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം
ബംഗളൂരു: വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ടിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും കര്‍ണാടക നിയമസഭ ബഹളത്തില്‍ മുങ്ങി. നവംബര്‍ പത്തിന് നടന്ന പൊതു ചടങ്ങിനിടെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണുന്ന തന്‍വീര്‍ സേട്ടിന്റെ ദൃശ്യങ്ങള്‍ വന്‍ വിവാദമുയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. എന്നാല്‍ സേട്ട് രാജിവയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. മന്ത്രി ന്യൂനപക്ഷ വിഭാഗമായതിനാല്‍ അനാവശ്യമായി അദ്ധേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് ബി.ജെ.പിയെന്ന് സിദ്ധരാമയ്യ ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവന ധിക്കാരം നിറഞ്ഞതാണെന്ന് ബി.ജെ.പി പറഞ്ഞു.
സിദ്ധരാമയ്യയുടെ പ്രസ്താവനയെ തുടര്‍ന്ന് സര്‍ക്കാരിനെതിരേയും മന്ത്രിക്കെതിരേയും പ്രതിഷേധവുമായി ബി.ജെ.പി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ സ്പീക്കര്‍ കെ.ബി കോലിവാദ് സഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. ഇന്നലെയാണ് സഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം അവസാനിച്ചത്. സഭ പിരിഞ്ഞശേഷവും അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. ഈ സര്‍ക്കാരിന് ധാര്‍മികതയുണ്ടെങ്കില്‍ തന്‍വീര്‍ സേട്ടിന്റെ രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. വിഷയത്തില്‍ സി.ഐ.ഡിയുടെ ക്രൈംബ്രാഞ്ചിനോട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."