നോട്ട് റദ്ദാക്കല്‍:പരിഷ്‌കരണത്തിനെതിരേ ദി എക്കണോമിസ്റ്റ് വാരിക
ന്യൂഡല്‍ഹി: ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാജ്യാന്തര പ്രസിദ്ധീകരണമായ ദി എക്കണോമിസ്റ്റ് വാരിക. നോട്ട് നിരോധനത്തിലൂടെ ഇന്ത്യ എന്താണോ ഉദ്ദേശിച്ചത് അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയതോതിലുള്ള തിരിച്ചടിക്കിടയാക്കുമെന്നാണ് വാരികയുടെ എഡിറ്റോറിയല്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ ബി.ബി.സി ഇതേ രീതിയില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്കണോമിസ്റ്റ് വാരികയും ഈ അഭിപ്രായം മുന്നോട്ട് വച്ചത്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പരിഷ്‌കരണം കൊണ്ടുവന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യയെന്നും 1987ല്‍ ബര്‍മയും 1991ല്‍ മുന്‍ സോവിയറ്റ് യൂനിയനും 2009ല്‍ ഉത്തരകൊറിയയും ഇത്തരത്തിലുള്ള പരിഷ്‌കരണം കൊണ്ടുവന്നിരുന്നു. ബര്‍മയില്‍ പരിഷ്‌കരണത്തെ തുടര്‍ന്ന് കലാപമാണ് ഉണ്ടായത്.
സോവിയറ്റ് യൂനിയനെ പരിഷ്‌കരണം ശിഥിലമാക്കിയപ്പോള്‍ ഉത്തര കൊറിയയില്‍ കലാപമാണ് ഉണ്ടായത്.
പഴയ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ നേരിട്ടത് വലിയ ദുരിതമാണ്. പഴയ നോട്ടുകളെല്ലാം ജനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു.
കൈമാറ്റം ചെയ്തുകൊണ്ടിരുന്ന ഏതാണ്ട് 86.4 ശതമാനം വരുന്ന നോട്ടുകള്‍ പെട്ടെന്ന് ഇല്ലാതാക്കിയതോടെ പറഞ്ഞറിയിക്കാനാകാത്ത ദുരിതമാണ് സംഭാവന ചെയ്തതെന്നും പറയുന്ന എഡിറ്റോറിയലില്‍ ഇന്ത്യ ഉദ്ദേശിക്കുന്ന സാമ്പത്തിക പുരോഗതി സാധ്യമാക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."