ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി ബാങ്കുകളില്‍ കള്ളപ്പണം എത്തിയെന്ന് മോദി
മൊറാദാബാദ്: ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി വലിയതോതില്‍ കള്ളപ്പണം ബാങ്കുകളില്‍ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്കിടയിലാണ് വലിയതോതില്‍ കള്ളപ്പണം ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി ബാങ്കുകളിലെത്തിയതെന്ന് മൊറാദാബാദില്‍ നടന്ന ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയിയില്‍ മോദി വെളിപ്പെടുത്തിയത്.
പണം ലഭിക്കുന്നതിനായി ജനങ്ങള്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്നതിനെക്കുറിച്ച് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനത്തെയും അദ്ദേഹം അപലപിച്ചു. വിമര്‍ശകര്‍ തെറ്റായ സന്ദേശം നല്‍കുന്നതിനൊപ്പം ഇതെല്ലാം വേദനാജനകമായ രീതിയിലുമാണ് അവതരിപ്പിക്കുന്നതെന്നും മോദി വ്യക്തമാക്കി. അവശ്യവസ്തുക്കള്‍ക്കായി കഴിഞ്ഞ 70 വര്‍ഷത്തെ ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ക്ക് വരിനില്‍ക്കേണ്ടവന്നിരുന്നു. ഇതിനെല്ലാം പരിഹാരമായുള്ള അവസാനത്തെ വരിയാണ് ഇപ്പോള്‍ ബാങ്കുകള്‍ക്ക് മുന്നിലുള്ളതെന്നും മോദി പറഞ്ഞു.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പണം നിക്ഷേപിച്ചാല്‍ നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ഗുണവും ലഭിക്കില്ല.
അഴിമതി ഒരു തരത്തിലും തുടരാന്‍ അനുവദിക്കില്ല. പാവങ്ങള്‍ക്കുകൂടി ലഭ്യമാകേണ്ട പണം സമ്പന്നര്‍ ഇത്രയും കാലം കൊള്ളയടിക്കുകയായിരുന്നു. മണിക്കൂറുകളോളം വരി നിന്ന് പണം കൈപ്പറ്റുന്ന ജനങ്ങളെ താന്‍ സല്യൂട്ട് ചെയ്യുകയാണ്. ആര്‍ക്കുവേണ്ടിയാണ് രാഷ്ട്രീയക്കാര്‍ കരയുന്നതെന്നും മോദി ചോദിച്ചു.
ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ അഴിമതി പുറത്തായിരിക്കുകയാണ്. പണ രഹിത ഇടപാടുകളിലേക്ക് രാജ്യം മാറണമെന്നു പറഞ്ഞ മോദി രാജ്യത്ത് 40 കോടി സ്മാര്‍ട്ട് ഫോണുകളുണ്ടെന്നും കുറഞ്ഞത് അവരെങ്കിലും പണരഹിത ഇടപാടുകളിലേക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞുടുപ്പ് മുന്‍നിര്‍ത്തിയാണ് ബി.ജെ.പി പരിവര്‍ത്തന്‍ യാത്ര സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."