എന്നാല്‍പിന്നെ ഞങ്ങളായിക്കോളാം..!
പൊന്നാനി: കൈവരികള്‍ തകര്‍ന്ന പാലത്തിനു മുകളില്‍നിന്നു കഴിഞ്ഞ ദിവസം ഒരാള്‍ താഴേക്കുവീണു മരണപ്പെട്ടിട്ടും പാലം അറ്റകുറ്റപ്പണി നടത്താത്ത നഗരസഭയുടെയും ഇറിഗേഷന്‍ വകുപ്പിന്റെയും അനാസ്ഥയില്‍ പ്രധിഷേധിച്ചു നാട്ടുകാരുടെ നേതൃത്വത്തില്‍ നടപ്പാലം പുനരുദ്ധാരണം നടത്തി.
പൊന്നാനി നഗരസഭയിലെ എം.എല്‍.എ റോഡിനെയും തെക്കേപ്പുറത്തെയും ബന്ധിപ്പിക്കുന്ന മൂന്നാം നമ്പര്‍ പാലത്തിലാണ് പൊതുപ്രവര്‍ത്തകന്‍ മുരളിയുടെയും മുന്‍ കൗണ്‍സിലര്‍ മജീദിന്റെയും നേതൃത്വത്തില്‍ കൈവരികള്‍ നിര്‍മിച്ചത്. എം.ഐ ഹൈസ്‌കൂള്‍, കോളജ്, താലൂക്ക് ആശുപത്രി, സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു നൂറുകണക്കിന് ആളുകളും വിദ്യാര്‍ഥികളും സഞ്ചരിക്കുന്ന പാലമാണിത്.
പാലത്തിന്റെ തൂണുകള്‍ തകര്‍ന്നത് അധികാരികള്‍ അടിയന്തിരമായി ശരിയാക്കണമെന്നും ഗതാഗതയോഗ്യമായ രീതിയില്‍ പുനര്‍നിര്‍മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പാലം നഗരസഭയുടേതല്ലന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാല്‍, ടൂറിസം വകുപ്പിന്റെ കൈവശമുള്ള ബിയ്യം തൂക്കുപാലത്തിന് നാലു ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ നഗരസഭ ഈ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നു പ്രതിപക്ഷം ചോദിക്കുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."