ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പഴുതടച്ച സുരക്ഷ
കാളികാവ്: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മലയോര മേഖലയില്‍ സര്‍ക്കാര്‍ ചടങ്ങുകള്‍ക്കു കനത്ത സുരക്ഷ. മലയോര മേഖലയില്‍ പൊലിസിന്റെ പ്രവര്‍ത്തനം അതീവ ജാഗ്രതയോടെയാണ് നടക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിക്കുന്നതില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ എപ്പെടുത്തുന്നുണ്ട്.
ശനിയാഴ്ച ചോക്കാട് പരുത്തിപ്പറ്റ ആദിവാസി കോളനിയില്‍ എം.എല്‍.എ പങ്കെടുത്ത ചടങ്ങിനു പൊലിസ് പ്രത്യേക കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊലിസ് ആസ്ഥാനത്തുനിന്നു ചടങ്ങിനെക്കുറിച്ച് പലതവണ വിവരങ്ങളാരായുകയും ചെയ്തു. അന്വേഷണങ്ങള്‍ക്കൊടുവില്‍ പ്രശ്‌നസാധ്യതയില്ല എന്ന് ഉറപ്പുവരുത്തിയെങ്കിലും സുരക്ഷ സംവിധാനം ഒരുക്കി.
പൊലിസിനു പുറമേ ആയുധധാരികളായ രണ്ടു തണ്ടര്‍ബോള്‍ട്ട് ഉദ്യോഗസ്ഥരെയാണ് എ.പി അനില്‍കുമാര്‍ എം.എല്‍.എ പങ്കെടുത്ത ചടങ്ങിന് നിയോഗിച്ചത്. നിലമ്പൂര്‍ വനമേഖലയില്‍ പൊലിസ് വെടിവയ്പില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെടാനിടയായതോടെ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുള്ള തിരിച്ചടി സാധ്യത തള്ളിക്കളയാനാകില്ല. ആദിവാസി മേഖലകൂടിയായതിനാല്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്താനും പ്രയാസമാണ്. ഇതെല്ലാം പരിഗണിച്ചാണ് കനത്ത ജാഗ്രത പാലിക്കുന്നത്.
പെട്ടെന്നു തിരിച്ചടിയുണ്ടാകില്ലെങ്കിലും മുന്‍കരുതലോടെ പ്രവര്‍ത്തിക്കാനാണ് പൊലിസിനു ലഭിച്ച നിര്‍ദേശം. ഏറ്റുമുട്ടലിനെതിരേ ഉയരുന്ന പ്രതിഷേധത്തെ പക്ഷേ പൊലിസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. സമരത്തിനു ജനകീയ പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് നിഗമനം.
സംസ്ഥാനത്തു മാവോയിസ്റ്റുകള്‍ക്കു സഹായമെത്തിക്കുന്നവരെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവാണ് പൊലിസ് തേടുന്നത്. മാവോയിസ്റ്റുകളുടെ സിം കാര്‍ഡ്, മെമ്മറി കാര്‍ഡുകള്‍, വിവിധ രേഖകള്‍ തുടങ്ങിയവയില്‍നിന്ന് ഇത്തരം വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴും പൊലിസും അന്വേഷണം തുടരുന്നുണ്ട്. ആദിവാസികളുടെ പിന്തുണ മാവോയിസ്റ്റുകള്‍ക്കു ലഭിക്കുന്നത് വലിയ വീഴ്ചയായാണ് ആഭ്യന്തര സുരക്ഷ വിഭാഗം കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."