രാഷ്ട്രകവിക്ക് നിത്യസ്മാരകമായി; ഗിളിവിണ്ടു ഉദ്ഘാടനത്തിന് സജ്ജം
മഞ്ചേശ്വരം: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണയ്ക്കായി അഞ്ചുകോടിയോളം രൂപ ചെലവില്‍ നടപ്പാക്കുന്ന ഗിളിവിണ്ടു പ്രൊജക്ട് ഉദ്ഘാടനത്തിനു സജ്ജമായി. ഉദ്ഘാടനം ഈ മാസം 20നും 30നുമിടയില്‍ നടത്താന്‍ മഞ്ചേശ്വരം കവി ഭവനത്തില്‍ ചേര്‍ന്ന രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് യോഗം തീരുമാനിച്ചു.
നവീകരിച്ച കവിഭവനം, യക്ഷഗാനമ്യൂസിയം ഉള്‍പ്പെടുന്ന നളന്ദ, ഭവനിക ഓഡിറ്റോറിയം, വൈശാഖി, സാകേത, ആനന്ദ് എന്നീ മൂന്ന് അതിഥി മന്ദിരങ്ങള്‍, ബോധിരംഗ ഓപണ്‍ എയര്‍ഓഡിറ്റോറിയം, ലൈബ്രറി, പഠനമുറി, പുരാരേഖ കേന്ദ്രം, ഡോര്‍മിറ്ററി എന്നിവ ഉള്‍പ്പെടുന്ന അനക്‌സ് ബില്‍ഡിങ്, ആര്‍കിടെക്ചറല്‍ കോംപൗണ്ട് വാള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഗിളിവിണ്ടു പദ്ധതി. കവിയുടെ 4,500 പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ഗിളിവിണ്ടുവില്‍ സൂക്ഷിക്കും. ഗോവിന്ദപൈയുടെ ലോഹപ്രതിമ കവി ഭവനത്തിനുമുന്നില്‍ സ്ഥാപിക്കുകയും ചെയ്യും.
യോഗത്തില്‍ കേന്ദ്ര ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം. വീരപ്പമൊയ്‌ലി എം.പി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, മാനേജിങ് ട്രസ്റ്റി ഡോ. ഡി.കെ ചൗട്ട, ജോയിന്റ് സെക്രട്ടറി എം.ജെ കിണി, ട്രഷറര്‍ ബി.വി കക്കില്ലായ, ട്രസ്റ്റി കെ. തേജോമയ, സുഭാഷ് കണ്വതീര്‍ഥ, കെ.ആര്‍ ജയാനന്ദ, ജില്ലാ നിര്‍മിതി കേന്ദ്ര പ്രതിനിധി പി.ആര്‍ സുന്ദരേഷ്, എം. മധുസൂദനന്‍, എസ്. സജീവ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."