വെള്ളിനേടി ജില്ലയുടെ പൊന്മുത്തായി ഡോണ
ചെറുവത്തൂര്‍: സംസ്ഥാന കായിക മേളയില്‍ ഡോണ ജോയി എറിഞ്ഞെടുത്ത വെള്ളിക്കു സുവര്‍ണത്തിളക്കം. കഴിഞ്ഞ മേളയിലെ സംപൂജ്യരെന്ന ജില്ലയ്ക്കുണ്ടായിരുന്ന നാണക്കേടുകൂടിയാണ് ഡോണയുടെ വിജയം മായ്ച്ചുകളഞ്ഞത്. കഴിഞ്ഞ തവണ ഒരു പോയിന്റ് പോലും നേടാനാകാതെ തലകുനിച്ചു മടങ്ങിയ ജില്ലയ്ക്ക് ഈ വിജയം നല്കുന്ന ആഹ്ലാദം ചെറുതല്ല.
ജില്ലാ കായികമേളയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഡോണ ജോയി എന്ന കായിക താരത്തില്‍ എല്ലാവരും വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് ഷോട്ട്പുട്ടില്‍ നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് ഡോണയ്ക്ക് സ്വര്‍ണം നഷ്ടമായത്. ഒരു സെന്റി മീറ്ററിന്റെ വ്യത്യാസത്തില്‍ സ്വര്‍ണം എതിരാളി തട്ടിയെടുക്കുകയായിരുന്നു.
തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയായ ഡോണ ജോയി ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ എന്നിവയിലെ വിജയത്തോടെ വ്യക്തിഗത ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയാണ് ഇത്തവണ സംസ്ഥാന കായിക മേളയ്ക്കു യാത്ര തിരിച്ചത്. ഇനി ഹാമര്‍ത്രോ മത്സരം കൂടി ശേഷിക്കുന്നുണ്ട്. ഇതിലും ഡോണ വിജയപ്രതീക്ഷ പുലര്‍ത്തുന്നു.
ജഴ്സിപോലും നല്‍കാതെയാണു ജില്ലയിലെ കായികതാരങ്ങളെ ഇത്തവണ സംസ്ഥാനമേളയ്ക്ക് അയച്ചത്. പരിശീലന ക്യാംപും സംഘടിപ്പിച്ചിരുന്നില്ല. ഈ അവഗണനയ്ക്കിടയിലാണ് ഡോണയുടെ മിന്നുന്ന വിജയം. ശാസ്ത്രീയ പരിശീലനത്തിന്റെ അഭാവം കൊണ്ടു വന്നുചേര്‍ന്ന ചെറിയ പിഴവുകളാല്‍ മെഡല്‍ നഷ്ടമായ ഇനങ്ങളും ഇത്തവണയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."