കറന്‍സി അസാധുവാക്കല്‍ :എങ്ങനെ ജീവിക്കും ?
കണ്ണൂര്‍: കറന്‍സി അസാധുവാക്കല്‍ പ്രതിസന്ധിയില്‍ നരകയാതന അനുഭവിച്ച് സാധാരണക്കാര്‍. ജില്ലയില്‍ വിവാഹം, ഗൃഹപ്രവേശം, തുടങ്ങിയ മംഗളകാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സമയത്താണ് ഇടിത്തീപോലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി അസാധുവാക്കിയെങ്കിലും പകരമായി രണ്ടായിരത്തിന്റെ നോട്ടിറക്കിയാണ് ജനങ്ങളെ നെട്ടോട്ടമോടിക്കുന്നത്.
സഹകരണബാങ്കുകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാര്‍ക്ക് വന്‍തിരിച്ചടിയാണ് നേരിട്ടത്. മക്കളുടെ വിവാഹവും ഗൃഹപ്രവേശവും ഇതുകാരണം മാറ്റിവയ്‌ക്കേണ്ടിവന്നവര്‍ നിരവധിയാണ്. ബാങ്ക് വായ്പയിലൂടെയാണ് ഇത്തരത്തിലുള്ള പലകാര്യങ്ങളും നടന്നുപോകുന്നത്.
എന്നാല്‍ സഹകരണബാങ്കുകള്‍ ഇന്നു ശ്മശാനതുല്യമായ അവസ്ഥയിലാണ്. പൊതുമേഖലാ ബാങ്കുകളും നടപടി ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ച വായ്പ പോലും അനുവദിക്കുന്നില്ല. ജില്ലാ ബാങ്കുകള്‍ വഴി മിറര്‍ അക്കൗണ്ടിലൂടെ പ്രാഥമിക സഹകരണ ബാങ്കുകളിലെ പണം പിന്‍വലിക്കാന്‍ കഴിയുമെങ്കിലും അതു ആഴ്ചയില്‍ 24,000 രൂപയാക്കി നിജപ്പെടുത്തിയത് മിക്കയാളുകളെും വെട്ടിലാക്കിയിരിക്കുകയാണ്.
സാമ്പത്തിക അടിയന്തിരാവസ്ഥ ഇപ്പോഴൊന്നും തീരില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ പട്ടിണി മരണമെന്ന ഭീഷണിയെ നേരിടുകയാണ് ഓരോ കുടുംബവും.
സാധാരണ റേഷന്‍ വാങ്ങി ജീവിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ ഒരു മണി അരിപോലും റേഷന്‍കടകളില്‍ നിന്നു ലഭിക്കുന്നില്ല. ഭക്ഷ്യസുരക്ഷാ പദ്ധതിയും അതുമായി ബന്ധപ്പെട്ട ഊരാകുരുക്കുകളിലും കുടുങ്ങിയിരിക്കുകയാണ് റേഷന്‍ കടകള്‍.
രണ്ടായിരം തരാം, ഒരു ചായ തരുമോ
നഗരത്തിലെ ഹോട്ടലില്‍ കയറി കൈയില്‍ കിട്ടിയ രണ്ടായിരവുമായി ഒരു തൊഴിലാളി ചോദിച്ചതാണിത്. ചിലര്‍ കാഷ്യറുടെ മേശയില്‍ രണ്ടായിരമിട്ടു ബാക്കി പിന്നെ തന്നോളൂവെന്നു പറഞ്ഞ് ചായകുടിച്ചതിനു ശേഷം ഇറങ്ങി നടക്കുകയാണ്. കണ്ണൂര്‍ നഗരത്തില്‍ നിര്‍മാണ ജോലി ചെയ്തു ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പലരും ഓരോദിവസവും എങ്ങനെ ജീവിക്കുമെന്ന അങ്കലാപ്പിലാണ്. എവിടെയും ചില്ലറയില്ല. പണിയെടുത്തു കിട്ടുന്ന കൂലിയാവാട്ടെ രണ്ടായിരം മാത്രവും. കറന്‍സി അസാധുവാക്കിയതിനെ തുടര്‍ന്ന് നിര്‍മാണ മേഖലയില്‍ എണ്‍പതു ശതമാനവും തൊഴില്‍ നിലച്ചു. ചെറുകിട വ്യവസായ ശാലകള്‍, കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍ എന്നിവയൊക്കെ പേരിനു മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇതുകൂടാതെ മണല്‍ക്ഷാമം, നിര്‍മാണ സാധനങ്ങളുടെ വിലക്കയറ്റം, ബാങ്ക് വായ്പ നിഷേധിക്കല്‍ എന്നിവ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."