വരള്‍ച്ചയ്ക്കു മുന്നൊരുക്കം
തളിപ്പറമ്പ്: കാലവര്‍ഷം ചതിച്ചതോടെ തളിപ്പറമ്പ് താലൂക്കില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ള വിതരണം അത്യാവശ്യമായ പ്രദേശങ്ങളുടെ പേരു വിവരങ്ങള്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ഇത്തവണ ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നതു പരമാവധി ഒഴിവാക്കാനും ആവശ്യമായ എല്ലാ പ്രദേശങ്ങളിലും വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനുമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം തളിപ്പറമ്പ് താലൂക്കിനു കീഴിലുള്ള വില്ലേജുകളില്‍ 67 കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാട്ടര്‍ കിയോസ്‌കുകള്‍ ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്തിരുന്നു. ഇത്തവണ മഴയുടെ അളവ് തീരെ കുറഞ്ഞ് വരള്‍ച്ച രൂക്ഷമായതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ കിയോസ്‌കുകള്‍ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നു. ഇതോടെ കലക്ടര്‍ ആവശ്യപ്പെട്ടതു പ്രകാരം 237 കേന്ദ്രങ്ങളില്‍ പുതുതായി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണമെന്ന് തളിപ്പറമ്പ് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
കുടിവെളള വിതരണ രംഗത്ത് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്രീകൃത കുടിവെളള വിതരണം നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്ന വാദവുമായി ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ടാങ്കറുകളില്‍ തന്നെ കുടിവെള്ള വിതരണം ചെയ്യണമെന്നും വാട്ടര്‍ കിയോസ്‌കുകള്‍ വഴി വിതരണം ചെയ്യുന്നത് അപ്രായോഗികമാണെന്നും കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
രണ്ടോ മൂന്നോ മാസത്തെ ആവശ്യത്തിനായി സ്ഥാപിക്കുന്ന കൂറ്റന്‍ ടാങ്ക് മഴക്കാലമെത്തുന്നതോടെ ഉപേക്ഷിക്കപ്പെടുകയും കൊതുകുവളര്‍ത്തു കേന്ദ്രങ്ങളായി മാറി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആക്ഷേപവുമുണ്ട്. മഴക്കാലമെത്തുന്നതോടെ വിസ്മൃതിയിലാകുന്ന പദ്ധതികള്‍ കടുത്ത വേനലില്‍ മാത്രമേ പൊടിതട്ടിയെടുക്കാറുള്ളൂ. അപ്പോഴേക്കും പലതും നാശത്തിന്റെ വക്കിലെത്തിയിരിക്കും. എന്നാല്‍ ഈ പുതിയ രീതി കുടിവെള്ള ശേഖരണത്തിനു ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും ലഭ്യതയെ കുറിച്ചുള്ള പരാതികള്‍ കുറവാണെന്നും അതുകൊണ്ടാണ് ജില്ലയില്‍ കഴിഞ്ഞവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി മറ്റു ജില്ലകള്‍ കൂടി ഏറ്റെടുത്തതെന്നുമാണ് അധികാരികളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."