കയറില്‍ കുരുക്കിട്ട് കുരുന്നുകള്‍
കണ്ണൂര്‍: പഠനഭാരം താങ്ങാനാവാതെ കുട്ടികള്‍ ആത്മഹത്യയില്‍ അഭയംപ്രാപിക്കുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പത്തിലേറെ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. വിജയശതമാനം വര്‍ധിപ്പിക്കുന്നതിനായി അധ്യാപകരും കുട്ടികളെ കഠിനമുറകള്‍ക്കു വിധേയമാക്കുന്നതാണ് മാനസികസമര്‍ദ്ദം കൂട്ടുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കഠിനശിക്ഷകളും കൊടിയ അപമാനങ്ങളുമാണ് വിദ്യാലയങ്ങളില്‍ നിന്നു ലഭിക്കുന്നത്.
ഇവര്‍ക്കായി സ്‌പെഷല്‍ ക്ലാസുകളും കോച്ചിങുകളും നടത്തുന്നതിനോടൊപ്പം പഠനത്തില്‍ പുറകിലായ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പ്രത്യേകം ക്ലാസുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നാം തിയതി ജില്ലയില്‍ മൂന്നു വിദ്യാര്‍ഥികളാണ് പഠനഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ദൃശ്യ(17) ട്രെയിന്‍തട്ടിയും പേരാവൂരിലെ പ്‌ളസ് ടു വിദ്യാര്‍ഥിനി അഞ്ജലിയും(17) കോടിയേരി കാരാല്‍ വീട്ടില്‍ രാംജിത്തും(17) ഒരുമുഴം കയറില്‍ ജീവനൊടുക്കി. ഇതിനു ഒരാഴ്ച മുന്‍പാണ് മമ്പറം സ്വദേശിയായ തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ജില്ലയില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ എണ്ണം വളരെ വലുതാണ്. തല്ലിയും പീഡിപ്പിച്ചും പഠിപ്പിക്കുകയെന്ന ശൈലിയാണ് ഭൂരിഭാഗം വിദ്യാലയങ്ങളിലും നടപ്പാക്കുന്നത്. കുട്ടികളുടെ അഭിരുചി നോക്കാതെ മെഡിക്കല്‍, എന്‍ജിനിയറിങ് മേഖലകളില്‍ തള്ളിവിടുകയാണ്. ഇതുകാരണം മിക്കവിദ്യാര്‍ഥികളും പരീക്ഷാപ്പേടിയുടെ മാനസിക സമര്‍ദത്തിന്റെ പിടിയിലാവുകയാണ്. ഇതിനോടൊപ്പം എന്‍ട്രന്‍സ് കോച്ചിങ്, അബാക്കസ്, സ്‌പോക്കണ്‍ ഇംഗ്‌ളിഷ്, പ്രൈവറ്റ് ട്യൂഷന്‍, കലാപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കും അവധി വേളകളില്‍ കുട്ടികളെ തള്ളിവിടുകയാണ്.
കുളിപ്പിച്ച്.. കുളിപ്പിച്ച്
എല്‍.കെ.ജി, യു.കെ.ജി തലം മുതല്‍ കുട്ടികള്‍ക്ക് പരീക്ഷകള്‍ നടത്താന്‍ മത്സരിക്കുകയാണ് നാട്ടില്‍ പെരുകി വരുന്ന അണ്‍ എയ്ഡഡ് ഇംഗ്ലിഷ് മീഡിയം സ്‌കൂളുകള്‍. അഞ്ചുവയസിനു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാതൊരു എഴുത്തു പരീക്ഷയും നടത്തരുതെന്ന് ദേശീയ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പി.സി.എമ്മുപോലുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലൂടെ കുരുന്നുകളിലെ വിജയികളെയും പരാജിതരെയും സൃഷ്ടിക്കുകയാണ് കഴുത്തറപ്പന്‍ ഫീസ് ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍. ഈ പ്രായത്തില്‍ തന്നെ കുട്ടികളുടെ തലയില്‍ കുത്തിനിറയ്ക്കുന്ന ഇംഗ്ലിഷില്‍ നിന്നും അല്‍പം പുറകോട്ടുപോയാല്‍ കുരുന്നുകളെ ബെഞ്ചില്‍ കയറ്റിനിര്‍ത്തിയും ക്ലാസില്‍ നിന്നു പുറത്താക്കിയും തല്ലിയും പീഡിപ്പിക്കുകയാണ് അധ്യാപകര്‍. തങ്ങളെ ഇതിനായി പ്രേരിപ്പിക്കുകയാണ് സ്‌കൂള്‍ ഉടമകളെന്നു ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കളിസ്ഥലങ്ങളോ, വൃത്തിയുള്ള ശൗചാലയങ്ങളോയില്ല.
പഠനഭാരം
വിജയശതമാനം വര്‍ധിപ്പിക്കുന്നതിനായി അധ്യാപകരും കുട്ടികളെ കഠിനമുറകള്‍ക്കു വിധേയമാക്കുന്നതാണ് മാനസികസമര്‍ദ്ദം കൂട്ടുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."