മാലിന്യമുക്ത പയ്യന്നൂര്‍; കര്‍മ പദ്ധതിയായി
പയ്യന്നൂര്‍: ഹരിത കേരള മിഷന്റെ ഭാഗമായി മാലിന്യമുക്ത പയ്യന്നൂര്‍ എന്ന ലക്ഷ്യത്തോടെ രൂപം നല്കിയ ശുചിത്വ മാലിന്യ സംസ്കരണ കര്‍മ പദ്ധതികള്‍ക്ക് നഗരസഭാ കൗണ്‍സില്‍ അംഗീകാരം.
പയ്യന്നൂര്‍ നഗരസഭയിലെ 44 വാര്‍ഡുകളിലും ശുചിത്വ ജലസംരക്ഷണ പ്രവൃത്തികള്‍, ഒരു കുടുംബശ്രീ അംഗത്തെയും ഒരു വിദ്യാര്‍ഥിയെയും ഉള്‍പ്പെടുത്തി ടീമുകളാക്കി ഗൃഹതല സര്‍വേ, സ്വാപ് ഷോപ്പുകള്‍, ജലവിഭവ പരിപാലന പദ്ധതി എന്നിവ നടപ്പാക്കും. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കാരി ബാഗുകള്‍ പൂര്‍ണമായും നിരോധിക്കും. ഹോട്ടലുകളില്‍ നിന്നു ഭക്ഷണങ്ങള്‍ പാര്‍സലായി വാങ്ങുന്നവര്‍ ആവശ്യമുള്ള പാത്രങ്ങളുമായി വന്നാല്‍ ഇളവു കൊടുക്കാന്‍ ഹോട്ടലുടമകള്‍ക്ക് നിര്‍ദേശം നല്‍കും.
ഓഡിറ്റോറിയങ്ങള്‍, കല്യാണ വീടുകള്‍, കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ഇതിനായി 12000ത്തോളം തുണി സഞ്ചികള്‍ വിതരണം ചെയ്തു കഴിഞ്ഞു. പെരുമ്പ തോട് ശുചീകരിക്കാനും നവീകരിക്കാനും പദ്ധതി നടപ്പാക്കും. ഉപയോഗയോഗ്യമായ പാഴ്വസ്തുക്കള് നഗരസഭ ശേഖരിക്കും. ഒരാഴ്ച ശേഖരിക്കുന്ന പാഴ്വസ്തുക്കള് പ്രത്യേക കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യും.
ഉപയോഗശൂന്യമായ പേനങ്ങള്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ശേഖരിക്കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."