കനാല്‍ ശുചീകരണ പ്രവൃത്തികളായില്ല കുടിവെള്ളത്തിന് ജനം വലയും
കൊയിലാണ്ടി: കനാലുകളില്‍ വെള്ളം തുറന്നു വിടുന്നതിന് മുന്‍പുള്ള അറ്റകുറ്റപ്പണികള്‍ വൈകുന്നു. കുറ്റ്യാടി ഇറിഗേഷന്‍ പരിധിയിലെ കനാലുകളിലെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ നഗരസഭാ പരിധിയില്‍ പലയിടങ്ങളിലും കനാലുകള്‍ കാടുമൂടി കിടക്കുകയാണ്. സമീപ പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല. തുലാവര്‍ഷം കനിയാത്തത് മൂലം മിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം നേരിട്ട് തുടങ്ങിയിട്ടും കനാലുകള്‍ ജലസേചനക്ഷമമാക്കാനുള്ള നടപടികള്‍ ഒച്ചു വേഗത്തിലാണ് നീങ്ങുന്നത്.
ഇത്തവണ കാലവര്‍ഷം ചതിച്ചതിനാല്‍ കുടിവെള്ളക്ഷാമം നേരിടാന്‍ ഡിസംബറില്‍ തന്നെ കനാലുകള്‍ തുറന്നു വിടുമെന്നായിരുന്നു ഇറിഗേഷന്‍ അധികൃതരുടെ പ്രഖ്യാപനം. എന്നാല്‍ കനാലുകള്‍ ജലസേചന യോഗ്യമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പോലുമില്ലാത്തതാണ് ആശങ്കക്കിട നല്‍കുന്നത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കനാലുകള്‍ പലതും തകര്‍ന്ന് കാട് പടര്‍ന്നതിന് പുറമെ പല സ്ഥലങ്ങളിലും നേരത്തെ ചോര്‍ച്ചയും നേരിട്ടിരുന്നു.
മിക്ക സ്ഥലങ്ങളിലും മണ്ണിടിഞ്ഞ് കനാലുകള്‍ മൂടപ്പെട്ട നിലയിലാണ്. പലയിടങ്ങളിലും നാട്ടുകാരും റസിഡന്‍സ് അസോസിയേഷനുകളും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. പഞ്ചായത്തുകളിലാവട്ടെ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടികള്‍ തുടങ്ങിയതേയുള്ളൂ. ഇത് സംബന്ധിച്ച് ഇറിഗേഷന്‍ അധികൃതര്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ കലക്ടര്‍ പരിശോധിച്ച ശേഷമെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവൂ. അപ്പോഴേക്കും കുടിവെള്ള ക്ഷാമം രൂക്ഷമാകാനാണ് സാധ്യത.
പഞ്ചായത്തുകളില്‍ നിന്ന് വ്യത്യസ്തമായി തൊഴിലുറപ്പ് സംവിധാനമില്ലാത്തതിനാല്‍ നഗരസഭാ പ്രദേശങ്ങളില്‍ ഇറിഗേഷന്‍ വകപ്പ് തന്നെ കനാല്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഇതിനായി പദ്ധതി ടെന്‍ഡര്‍ ചെയ്ത ശേഷം അനന്തര നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കില്‍ ഒരു മാസത്തെ കാലതാമസമെങ്കിലും വേണം. ചുരുക്കത്തില്‍ കിണറുകളിലെ അവസാന തുളളി വെള്ളവും വറ്റിയാലേ കനാലുകളിലൂടെ വെള്ളമൊഴുകൂ. ഭൂഗര്‍ഭ ജലശേഷിയിലുണ്ടായ വ്യതിയാനം നിമിത്തം ഇപ്പോള്‍ തന്നെ പലയിടങ്ങളിലും കിണറുകളിലെ ഉറവ നിലച്ച് ജലനിരപ്പ് താഴ്ന്നു തുടങ്ങി. പല കുടുംബങ്ങളും കുടിവെള്ള ലഭ്യതയുടെ കാര്യത്തില്‍ ആശങ്കയിലാണ്. ചെറുകിട കൃഷിക്കാരും ഇടവേളകൃഷി കൈയൊഴിഞ്ഞ മട്ടാണ്. നാട്ടിന്‍ പുറങ്ങളിലെ പച്ചക്കറികൃഷി 'പരീക്ഷണ' ത്തിലും വീട്ടുകാര്‍ പിറകോട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."