ജലസ്രോതസുകള്‍ നശിക്കുന്നു; വരള്‍ച്ചാ ഭീഷണിയില്‍ ഗ്രാമങ്ങള്‍
കക്കട്ടില്‍: മലയോര മേഖല കനത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ശുദ്ധജല സ്രോതസുകള്‍ അശ്രദ്ധയും പിടിപ്പുകേടും കാരണം നശിക്കുന്നു. പ്രധാന നീരൊഴുക്ക് കേന്ദ്രങ്ങള്‍ പോലും സംരക്ഷണ സംവിധാനമില്ലാതെ നാമാവശേഷമാകുകയാണ്. ജലസംഭരണത്തിന് വേണ്ടത്ര പ്രാധാന്യവും ശ്രദ്ധയും നല്‍കാത്തത് വേനലിനെ എങ്ങിനെ അതിജീവിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
കുന്നുമ്മല്‍ പഞ്ചായത്ത് പത്താംവാര്‍ഡില്‍ കുളങ്ങരത്ത് റവന്യൂ ഭൂമിയിലെ പാറക്കുളം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അഞ്ചുവര്‍ഷം മുന്‍പെ കെട്ടി സംരക്ഷിച്ചത് ഇപ്പോള്‍ അനാസ്ഥകാരണം മലിന ജല സംഭരണിയായി മാറിയിരിക്കുകയാണ്.
വാഹനങ്ങള്‍ കഴുകാനും മറ്റുമായി ഇതിലെ വെള്ളം ഉപയോഗിക്കുന്നത് കാരണമാണ് പാറക്കുളത്തിലെ വെള്ളം മലിനമാകുന്നത്. ചേലക്കാട് അഗ്‌നി രക്ഷാ നിലയത്തിലേക്ക്, വെള്ളമെടുക്കാനും ഈ കുളം ഉപയോഗിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഉപയോഗ ശൂന്യമായ ഈ കുളം സംരക്ഷിച്ച് നിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി മലിനജലം ഇതിലേക്ക് ഒഴുക്കിവിടുന്നതായും പരാതിയുണ്ട്. കുന്നുമ്മല്‍ പഞ്ചായത്തില്‍ കഴിഞ്ഞ വേനലില്‍ സന്നദ്ധ സംഘടനകളും പഞ്ചായത്തും കുടിവെള്ള വിതരണത്തിന് പൊതുകിണറുകളെയും, മറ്റും ആശ്രയിച്ചിരുന്നു. ഇത്തവണ തുലാവര്‍ഷം ലഭിക്കാത്തത് കടുത്ത വരള്‍ച്ചയിലേക്ക് നാടിനെ തള്ളിവിടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കനത്ത ചൂടില്‍ വീടുകളിലെയും മറ്റും കിണറുകളിലെ ജലവിതാനം ഇപ്പോള്‍ തന്നെ താന്നിരിക്കുന്നത് ആശങ്ക ഇരട്ടിയാക്കുകയാണ്. തോടുകളിലും ജലമൊഴുക്ക് നിലച്ചിരിക്കുന്നത് കര്‍ഷകരെയും ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ അനിയന്ത്രിതമായി കുഴല്‍ കിണറുകള്‍ കുഴിക്കുന്നത് മറ്റു കിണറുകളിലെ ജലക്ഷാമത്തിന് കാരണമായേക്കുമെന്നതും ഗ്രാമീണ മേഖലകളില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. നിലവില്‍ ജലനിധി പോലുള്ള ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയില്‍ നിന്നും വെള്ളം ലഭിക്കുന്നവരും വരള്‍ച്ചാ ഭീഷണിയുടെ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."