പറന്നുയരുമോ കരിപ്പൂരിന്റെ പ്രതീക്ഷകള്‍
മന്ത്രിയുടെ ഉറപ്പ് അവഗണിച്ച് അതോറിറ്റി;
വലിയ വിമാനങ്ങള്‍ക്കുള്ള അനുമതിയെ ചൊല്ലി ആശങ്ക
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതി ലഭിക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഓഫിസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രവൃത്തി പൂര്‍ത്തിയാക്കിയാലും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാടിനെ തുടര്‍ന്നാണ് വന്‍ വിമാന കമ്പനികള്‍ കരിപ്പൂരിനെ കൈവിടുന്നത്.
2015 ഏപ്രില്‍ 30ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ തകര്‍ന്നപ്പോള്‍ പുനര്‍നിര്‍മാണത്തിനായി താല്‍ക്കാലികമായി മാത്രം നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വിസ് പണി പൂര്‍ത്തിയാകുന്നമുറയ്ക്ക് പുനരാരംഭിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാന മന്ത്രി കോഴിക്കോട്ടെ എം.പി ഉള്‍പ്പെടെയുള്ളവരെ അറിയിച്ചുവെങ്കിലും ഇതിന് അനുമതി നല്‍കില്ലെന്ന നിലപാടിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. കരിപ്പൂരില്‍ റണ്‍വേയുടെ ഇരുവശവുമുള്ള റണ്‍വേ സ്ട്രിപ്പ് നിലവിലുള്ള 150 മീറ്ററില്‍ നിന്ന് 300 മീറ്റര്‍ ആക്കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാട്. എന്നാല്‍ ലക്‌നൗ ജയ്പൂര്‍, ഗോവ, അഹമ്മദാബാദ്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ റണ്‍വേ സ്ട്രിപ്പ് 150 മീറ്റര്‍ മാത്രമാണ്. അവിടെ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്.
തികച്ചും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചതോടെ ദിനംതോറും നഷ്ടങ്ങളിലേയ്ക്ക് പോകുകയാണ്. മംഗലാപുരം വിമാനദുരന്തത്തിന്റെ പേരിലാണ് കരിപ്പൂര്‍ വിമാനത്താവളത്തെ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് അറ്റകുറ്റപ്പണിക്കുശേഷവും വലിയവിമാനങ്ങള്‍ക്കുള്ള അനുമതിയും തടസപ്പെടുത്താനുള്ള നീക്കം സജീവമായിരിക്കുന്നത്. ഇതു കണ്ണൂരിലെയും കൊച്ചിയിലെയും സ്വകാര്യപങ്കാളിത്തത്തോടെയുള്ള വിമാനത്താവളങ്ങളുടെ ഓഹരി ഉടമകളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള നീക്കമാണെന്ന ആരോപണവും ശക്തമാണ്.
15 വര്‍ഷം വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ പറന്നിറങ്ങി
1988ല്‍ തുടങ്ങിയ കരിപ്പൂരിലെ കാലിക്കറ്റ് വിമാനത്താവളത്തില്‍ ചെറിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനാവശ്യമായ 6000 അടി റണ്‍വേയായിരുന്നു ആദ്യമുണ്ടായിരുന്നത്. 1992ലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്ക് ആദ്യമായി അന്താരാഷ്ട്ര സര്‍വിസ് തുടങ്ങുന്നത്. കരിപ്പൂര്‍ ഗള്‍ഫ് യാത്രക്കാരുടെ ഹബായി കുതിച്ചുചാടുന്നത് കണ്ട അധികൃതര്‍ 2002ല്‍ റണ്‍വേ 6000 അടിയില്‍ നിന്ന് 9377 അടിയാക്കി വികസിപ്പിച്ചതോടെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വിസിന് അനുമതി ലഭിച്ചു. 2002ല്‍ ഹജ്ജ് സര്‍വിസ് ആരംഭിച്ചു. തുടര്‍ന്ന് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് സര്‍വിസ് തുടങ്ങി. 2015 ഏപ്രില്‍ 30 വരെ 15 വര്‍ഷക്കാലം വലിയ വിമാനങ്ങള്‍ സുഖകരമായി സര്‍വിസ് നടത്തി. റണ്‍വേ നിര്‍മാണത്തിലെ പിഴവ് കാരണം റണ്‍വേയുടെ ഒരു ഭാഗത്ത് റിപ്പയര്‍ വേണ്ടി വന്നതാണ് 2015 ഏപ്രില്‍ 30ന് മുതല്‍ റണ്‍വേ പുനര്‍നിര്‍മിക്കുന്നതു വരെ താല്‍ക്കാലികമായി വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിയത്.
എമിറേറ്റ്‌സിന്റെ പഠനം:കരിപ്പൂര്‍ സുരക്ഷിതം
റണ്‍വേ പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലെന്ന് എയര്‍പ്പോര്‍ട്ട് അതോറിട്ടി വാശിപിടിക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് നടത്തിയ പഠനത്തില്‍ കരിപ്പൂര്‍ വലിയവിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ കഴിയുന്ന വിമാനത്താവളമായാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
കരിപ്പൂരിലെ നിലവിലെ റണ്‍വേ ശക്തമാണെന്നാണ് കമ്പനിയുടെ പഠനത്തിലൂടെ കണ്ടെത്തിയത്. എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ തയാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ടേബിള്‍ ടോപ്പെങ്കിലും സങ്കീര്‍ണതയില്ല
വലിയ വിമാനങ്ങള്‍ ഇറങ്ങാനും പറന്നുയരാനും കരിപ്പൂരില്‍ യാതൊരുവിധ സാങ്കേതിക പ്രശ്‌നങ്ങളുമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായ കരിപ്പൂരിനെ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ പറഞ്ഞാണ് അവഗണിക്കുന്നത്. കരിപ്പൂരിനേക്കാള്‍ നീളം കുറഞ്ഞ റണ്‍വേയുള്ള ലക്‌നോവില്‍ വലിയ വിമാനങ്ങള്‍ സുഖകരമായി സര്‍വിസ് നടത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും 8000 അടി റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. ലണ്ടനിലെ ന്യൂ കാസ്റ്റില്‍ വിമാനത്താവളം അതിന് ഉദാഹ
രണമാണ്.
ടേബിള്‍ ടോപ്പ് എന്ന് പറഞ്ഞു കരിപ്പൂരിനെ അവഗണിക്കുന്നത് ഗുഢാലോചനയാണെന്ന് വിദഗ്ധര്‍ പറയുന്നു.
ലഡാക്കിലെ പോലെ സങ്കീര്‍ണതയില്ല കരിപ്പൂരിലെന്നതും എ്രടുത്തു പറയേണ്ട കാര്യമാണ്.
കുറഞ്ഞത് 2506
സീറ്റുകള്‍
വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതു കാരണം ദിവസം പ്രതി 2506 സീറ്റുകളാണ് കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കുറഞ്ഞത്. ഇത് പ്രവാസികള്‍ക്ക് കനത്തപ്രഹരമായി. സീറ്റുകള്‍ കുറഞ്ഞതിനാല്‍ ടിക്കറ്റിന് വില കുത്തനെ വര്‍ധിച്ചത് ലക്ഷക്കണക്കിന് പ്രവാസികളെ സാരമായി ബാധിച്ചു. 20,000 മുതല്‍ 30,000 രൂപ വരെയാണ് അധികബാധ്യത വരുന്നത്.
ഒരു ദിവസം കുറഞ്ഞ സീറ്റില്‍ 2000 സീറ്റ് സഊദി യാത്രക്കാര്‍ക്ക് മാത്രമാണ് നഷ്ടപ്പെട്ടത്. കെ.എസ്.എയിലുള്ള മലപ്പുറം കോഴിക്കോട് ജല്ലകളിലെ 2.5 ലക്ഷത്തോളം പ്രവാസികള്‍ക്ക് ദുരിതയാത്രയാണ്. കൂടാതെ പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെട്ട 9500ഓളം ഹജ്ജ് തീര്‍ഥാടകരും വളരെയധികം പ്രയാസപ്പെടുന്നുണ്ട്.
ഗര്‍ഫ് നാടുകളിലേക്കുള്ള പച്ചക്കറി
കയറ്റുമതിക്കും
തിരിച്ചടി
വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്നുള്ള അനുമതി നിഷേധിച്ചപ്പോള്‍ യാത്രക്കാരെ മാത്രമല്ല ബാധിച്ചത്. മലബാറിലെ കാര്‍ഷിക മേഖലക്കും തിരിച്ചടിയായി. ഗള്‍ഫിലേക്കുള്ള പച്ചക്കറി കയറ്റുമതിയെയാണ് പ്രതികൂലമായി ബാധിച്ചത്. ഇതോടെ കയറ്റുമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ കുടുംബങ്ങളെ ഇതു ബാധിച്ചു. മലബാറിലെ സാമ്പത്തിക കുതിപ്പിനും തിരിച്ചടിയായി.
വലിയ വിമാനത്തില്‍ 30-40 കിലോ ബാഗേജ് അലവന്‍സുണ്ട്. ചെറിയ വിമാനത്തില്‍ ഇത് 15-20 കിലോ മാത്രം. കാര്‍ഗോ കയറ്റുമതി 26,000 ടണില്‍ നിന്ന് 13,000 ടണ്‍ ആയി കുത്തനെ ഇടിഞ്ഞു. വിവിധ കമ്പനികള്‍ 30 ടണ്‍ പച്ചക്കറി എമിറേറ്റ്‌സ് വിമാനത്തില്‍ ദിനേന കയറ്റി അയച്ചിരുന്നു. എന്നാല്‍ വലിയ വിമാനങ്ങള്‍ നിലച്ചതോടെ കര്‍ഷകര്‍ക്ക് കൃഷി നിര്‍ത്തേണ്ടി വന്നു. ഇതോടെ നൂറുകണക്കിന് പാക്കിങ്, ലോഡിങ്, അണ്‍ലോഡിങ് തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ഗ്രൗണ്ട് ഹാന്‍ഡലിങ് ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന 50ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു.
പ്രതാപം മങ്ങി
സമസ്ത മേഖലകളും
യാത്രക്കാര്‍ കുറഞ്ഞത് കാരണം ടാക്‌സി, ഓട്ടോറിക്ഷ, ഹോട്ട് ആന്‍ഡ് കൂള്‍ബാര്‍, വിവിധതരം ഷോപ്പുകള്‍ തുടങ്ങിയവയിലെ കച്ചവടം വലിയതോതില്‍ കുറഞ്ഞു. വീട് ഫ്‌ളാറ്റ് മറ്റു കെട്ടിടങ്ങള്‍ക്കും തീരെ ആവശ്യക്കാര്‍ ഇല്ലാതായി. ദിനേനയെന്നോണം എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയിരുന്ന 30-50 ടൂറിസ്റ്റുകളുടെ വരവ് നിന്നത് കോഴിക്കോട്ടെ സ്റ്റാര്‍ ഹോട്ടലിലെ ബിസിനസിനെയും ബാധിച്ചിട്ടുണ്ട്.
അതോറിറ്റിയുടെ വരു മാനത്തിലും കുറവ്
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനം ഒരു കൊല്ലം 120 കോടിയില്‍ നിന്നു 84 കോടിയായി കുറഞ്ഞു. ഇന്ത്യയില്‍ ലാഭത്തില്‍ നടന്നുവന്നിരുന്ന വിമാനത്താളങ്ങളില്‍ ഏഴാം സ്ഥാനം കരിപ്പൂരിനായിരുന്നു. വെറും ഏഴു കമ്പനികള്‍ മാത്രം സര്‍വിസ് നടത്തിയാണ് ഇതു ലഭിച്ചിരുന്നത്. കൊച്ചി പോലെ 18 കമ്പനികള്‍ ഇവിടെ നിന്ന് സര്‍വിസ് നടത്തിയാല്‍ വരുമാനം 200 കോടിയോളം വരും. ഇതേടെ കരിപ്പൂര്‍ മുന്‍നിര വിമാനത്താളങ്ങളുടെ നിരയിലേക്കെത്തുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
കരിപ്പൂരിനെ
രക്ഷിക്കുക: ഇന്ന്
പാര്‍ലമെന്റ് മാര്‍ച്ച്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുന്‍പുണ്ടായിരുന്നു സ്റ്റാറ്റസ്‌കോ പുനഃസ്ഥാപിച്ച് വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടക്കും. രാവിലെ 10ന് കേരളാ ഹൗസിന് മുന്നില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."