കുഞ്ഞുണ്ണിക്കര-ഉളിയന്നൂര്‍ പ്രദേശം ഇനി ഭിക്ഷാടന രഹിതം
ആലുവ : കുഞ്ഞുണ്ണിക്കര-ഉളിയന്നൂര്‍ പ്രദേശങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭിക്ഷാടന മാഫിയകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ പ്രദേശത്തെ മത,രാഷ്ട്രീയ,സാമൂഹിക സംഘടനകളുടെ യോഗം തീരുമാനിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ഭിക്ഷാടക സംഘങ്ങളുടെ അടുത്തിടെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ആലുവ നഗരത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശം എന്ന നിലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലെത്തുന്ന ഭിക്ഷാടക സംഘങ്ങളിലധികവും ഈ പ്രദേശം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവരെ സഹായിക്കുക എന്ന നാട്ടുകാരുടെ മനസ്ഥിതിയെ പരമാവധി ചൂഷണം ചെയ്യുന്ന ഇക്കൂട്ടര്‍ വലിയ മാഫിയാ സംഘങ്ങളാണെന്ന തിരിച്ചറിവും, സമീപകാലത്ത് ഇവരില്‍ നിന്നും ഉണ്ടായിട്ടുള്ള സംശയകരമായ പ്രവര്‍ത്തനങ്ങളുമാണ് നാട്ടുകാരെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്.
പ്രദേശത്തെ വാട്ട്‌സ്അപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഇത്തരം സംഘങ്ങള്‍ എത്തുന്നതെന്നും, സംഘങ്ങളുടെ പ്രധാന വിളനിലം ഇത്തരം പ്രദേശങ്ങളാണെന്നും, ഇവരില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും കണ്ടെത്തി. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ കെ.എ. സുഹൈബിന്റെ അദ്ധ്യക്ഷതയില്‍ പ്രദേശത്തെ മത,രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും, ഈ യോഗത്തില്‍ പ്രദേശത്ത് ഭിക്ഷാടനം നിരോധിക്കാനും, നാട്ടുകാരില്‍ ബോധവല്‍ക്കരണം നടത്തുവാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തെ മുഴുവന്‍ വീടുകളിലും സര്‍വ്വകക്ഷി സംഘം ക്യാമ്പയിനുകള്‍ നടത്തും.ക്യാമ്പയിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബി.എ. അബ്ദുള്‍ മുത്തലിബ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.എ. സുഹൈബ്, മുന്‍ ജില്ലാ പഞ്ചായത്തംഗം പി.എ. ഷാജഹാന്‍, പി.എ. ബാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അബൂബക്കര്‍ കെ.എ., അബ്ദുറഹ്മാന്‍കുട്ടി, ജബ്ബാര്‍ മൈലക്കര, ഷമീര്‍, എം.ബി. ജലീല്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, അബൂബക്കര്‍, അഷ്‌റഫ് മൈലക്കര, ഹാരിസ്, അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."