കാരാപ്പുഴ പബ്ലിക് അക്വേറിയം:പ്രവൃത്തി പൂര്‍ത്തിയാകുന്നു; ഉദ്ഘാടനം ജനുവരിയില്‍
കല്‍പ്പറ്റ: അലങ്കാര മത്സ്യയിനങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി കാരപ്പുഴയില്‍ വിഭാവനം ചെയ്ത പബ്ലിക് അക്വേറിയം ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും. പ്രവൃത്തി അന്തിമ ദിശയിലാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.കെ സുധീര്‍കിഷന്‍ പറഞ്ഞു.
ഫിഷറീസ് വകുപ്പിനു കീഴിലുള്ള കേരള അക്വ വെന്‍ച്വര്‍ ഇന്റര്‍നാഷണല്‍ കമ്പനിയാണ് അക്വേറിയത്തിന്റെ പ്രവൃത്തി നടത്തുന്നത്. ചെറുതും വലതുമടക്കം 32 സംഭരണികള്‍ സ്ഥാപിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. മാസങ്ങള്‍ മുമ്പ് വൈദ്യുതി ബന്ധം ലഭിച്ച അക്വേറിയത്തില്‍ വയറിങ് ജോലികളും നടത്തേണ്ടതുണ്ട്. അഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ചതാണ് അക്വേറിയം നിര്‍മാണം. ബത്തേരി എം.എല്‍.എയായിരുന്ന പി കൃഷ്ണപ്രസാദിന്റെ ശ്രമഫലമായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് കാരാപ്പുഴയില്‍ പബ്ലിക് അക്വേറിയം നിര്‍മാണത്തിനു അനുമതി നല്‍കിയത്. കാരാപ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന കവാടത്തിനു ഒന്നര കിലോമീറ്റര്‍ അകലെ 3200 അടി ചതുരശ്ര വിസ്തൃതിലാണ് അക്വേറിയം. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് കെട്ടിടനിര്‍മാണം ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയെങ്കിലും മന്ദഗതിയിലായിലായിരുന്നു നിര്‍മിതി കേന്ദ്ര എറ്റെടുത്ത ജോലികളുടെ നീക്കം. വിനോദസഞ്ചാര വികസനത്തിനു ഉതകുമെന്ന പ്രതീക്ഷയിലുമാണ് കാരാപ്പുഴയില്‍ പബ്ലിക് അക്വേറിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാരാപ്പുഴ അണയുടെ പ്രധാന കവാടത്തില്‍നിന്നു സഞ്ചാരികള്‍ക്ക് എളുപ്പം അക്വേറിയത്തില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സുരക്ഷാകാരണങ്ങളാല്‍ അണയുടെ സ്പില്‍വേയിലൂടെ സഞ്ചാരികളെ കടത്തിവിടുന്നില്ല. കാരാപ്പുഴ-അമ്പലവയല്‍ റോഡിലൂടെ യാത്രചെയ്ത് വേണം സഞ്ചാരികള്‍ക്ക് അക്വേറിയത്തിനു പരിസരത്ത് എത്താന്‍. അതിനാല്‍ ഭാവിയില്‍ ജില്ലയില പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് കരുതുന്ന കാരാപ്പുഴയിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിപക്ഷവും അക്വേറിയ സന്ദര്‍ശനം ഒഴിവാക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."