ഹരിത കേരളം പദ്ധതി; നല്ല നാളേക്ക് കൈകോര്‍ക്കാം
കല്‍പ്പറ്റ: പച്ചപ്പ് നിറഞ്ഞ നല്ല നാളേക്കും നാടിനുമായി ഹരിത കേരളം പദ്ധതി ഏറ്റെടുക്കാന്‍ നാടൊന്നിക്കുന്നു.
സര്‍ക്കാര്‍ വക ഫണ്ട് മുടക്കാതെ ജനകീയ പങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്റ്റുഡന്‍സ് പൊലിസ് കേഡറ്റുകള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍.സി.സി, നെഹ്‌റു യുവകേന്ദ്ര, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ ക്ലബുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് നിര്‍ദേശം. ഈമാസം എട്ടിന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ എരനല്ലൂര്‍ ക്ഷേത്രത്തിലെ ഒരേക്കര്‍ വിസ്തൃതിയുള്ള കുളം നവീകരിക്കും. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലേയും എല്ലാ വാര്‍ഡുകളിലും അന്ന് രാവിലെ ഒന്‍പതിന് ഏറ്റെടുത്ത വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
ജില്ലാ ആസ്ഥാനം മുതല്‍ പഞ്ചായത്ത് വാര്‍ഡ് തലം വരെയുള്ള പ്രാചരാണ പരിപാടികള്‍ ഇതിനുമുന്നോടിയായി നടക്കും. നാടിന്റെ സമഗ്ര വികസനത്തിന് ജനപങ്കാളിത്തത്തോടു കൂടിയുള്ള പ്രവര്‍ത്തനം എന്നതാണ് ലക്ഷ്യം. ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും കോളജ് വിദ്യാര്‍ഥികളും പദ്ധതിയില്‍ പങ്കാളികളാവും.
ആശുപത്രി തുടങ്ങിയ കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നതില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളെ ഒഴിച്ച് നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."