റോഡ് വികസനത്തിന്റെ പേരില്‍ മണ്ണെടുപ്പ്: പുറത്തിറങ്ങാനാവാതെ പത്തിലേറെ കുടുംബങ്ങള്‍
കോട്ടയം: റോഡ് വികസനത്തിനായി റെയില്‍വേ മണ്ണെടുത്തതോടെ പുറത്തിറങ്ങാനാവാതെ പ്രതിസന്ധിയിലായി കുടുംബങ്ങള്‍. റെയില്‍വേ സ്റ്റേഷന്‍ റോഡരികില്‍ താമസിക്കുന്ന പത്തിലേറെ കുടുംബങ്ങളാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. റോഡ് വികസനത്തിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സംവിധാനം ഒരുക്കുന്നതിനുവേണ്ടിയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മണ്ണെടുത്തു റെയില്‍വേ റോഡിനു വീതി കൂട്ടിയത്.
മണ്ണെടുത്തതോടെ തറനിരപ്പില്‍നിന്ന് ഇരുപത് അടി ഉയരത്തിലായി ഇവിടത്തെ പല വീടുകളും. മുന്‍പ് ഈ വീടുകളില്‍നിന്നു റോഡിലേക്കിറങ്ങാന്‍ മതിയായ വഴിയുണ്ടായിരുന്നു. കരിങ്കല്ല് കെട്ടിയ നടപ്പാതയായിരുന്നു അന്നു വീടുകള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, മണ്ണെടുത്തതോടെ ഈ നടപ്പാത ഇല്ലാതായി. മണ്ണെടുത്ത സ്ഥലത്തുകൂടി ഈ കുടുംബങ്ങള്‍ സ്വയം നിര്‍മിച്ച ചെറിയവഴി മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
ഈ വഴിയാകട്ടെ മഴപെയ്യുമ്പോള്‍ വഴുക്കലോടെ അപകടാവസ്ഥയിലാകുകയും ചെയ്യും. ഈ പ്രദേശത്തു താമസിക്കുന്ന കുടുംബങ്ങളെല്ലാം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. റോഡ് നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കുമ്പോള്‍ മതിയായ അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കണമെന്നായിരുന്നു ഇവര്‍ അന്നു റെയില്‍വേയോട് അഭ്യര്‍ഥന വച്ചത്.
എന്നാല്‍, മണ്ണെടുത്ത് ഉയരത്തിലായ വീടുകളിലേക്കു മതിയായ നടപ്പാതപോലും ഒരുക്കി നല്‍കാന്‍ റെയില്‍വേ തയാറായില്ലെന്ന് ഈ കുടുംബങ്ങള്‍ കുറ്റപ്പെടുത്തുന്നു. അനവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ലയണ്‍സ് ക്ലബ് ആരംഭിച്ച ഹാളിനും ഇതേ അവസ്ഥ തന്നെയാണ്. വീടുകളിലേക്കു നടപ്പാതയും ലയണ്‍സ് ക്ലബ്ബിലേക്കു വഴിയും ഒരുക്കി നല്‍കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ റെയില്‍വേ അധികൃതര്‍ക്കു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."