ഖത്തറില്‍ 13 മുതല്‍ പുതിയ തൊഴില്‍ നിയമം വിസ തൊഴില്‍ കരാര്‍ സമര്‍പ്പിച്ചതിനുശേഷം മാത്രം
ദോഹ: ഖത്തറില്‍ പുതിയ തൊഴില്‍ നിയമം 13 മുതല്‍ പ്രാബല്യത്തില്‍. വിദേശികളെ ജോലിക്ക് കൊണ്ടുവരുന്നതിന് മുന്‍പ് സേവന, വേതന വ്യവസ്ഥകള്‍ രേഖപ്പെടുത്തിയ കരാര്‍ ഉണ്ടാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. തൊഴില്‍ കരാര്‍ സമര്‍പ്പിച്ചതിനു ശേഷം മാത്രമേ വിസ അനുവദിക്കൂ. സ്പോണ്‍സര്‍ഷിപ്പ് രീതി മാറി തൊഴില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴിലാളി, തൊഴിലുടമ സംവിധാനം നിലവില്‍വരുന്നുവെന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. ലേബര്‍ മന്ത്രാലയം അംഗീകരിച്ച തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കൂ.
തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായ തൊഴിലാളിക്ക് ഒരു കമ്പനിയില്‍നിന്ന് മറ്റിടത്തേക്ക് മാറാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഒരു സ്ഥാപനത്തിലെ ജോലി അവസാനിപ്പിച്ചാല്‍ പുതിയ വിസ ലഭിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കണമെന്ന നിബന്ധനയാണ് ഇതോടെ ഇല്ലാതാകുന്നത്. എന്നാല്‍, കാലാവധി നിശ്ചയിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം പൂര്‍ത്തിയായാലേ ജോലി മാറാന്‍ സാധിക്കൂ. കാലാവധി രേഖപ്പെടുത്താത്ത തൊഴില്‍ കരാറുകളുടെ പരമാവധി കാലയളവ് അഞ്ചു വര്‍ഷമായിരിക്കും. തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞ് ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി തൊഴിലുടമയെ അറിയിക്കണം.
തൊഴില്‍ മാറുന്ന വിദേശികള്‍ക്ക് പുതിയ വിസ ലഭിക്കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഒരു വിദേശി ജോലി ഒഴിവാക്കി പോകുന്നതോടെ ജോലിയും റസിഡന്റ് പെര്‍മിറ്റും റദ്ദാക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."