റെക്കോര്‍ഡിന്റെ ഉയരങ്ങളില്‍ എതിരില്ലാതെ വീണ്ടും നിവ്യ
തേഞ്ഞിപ്പലം: 'കൈകള്‍ നേരെ പിടിക്ക്... മടങ്ങരുത്...' മൈതാനത്തിനു പുറത്തു നിന്ന് ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ രണ്ടു ചാട്ടങ്ങള്‍ പിഴച്ചപ്പോള്‍ പരിശീലകന് കെ.പി സതീഷ്കുമാര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ആ നിര്‍ദേശം അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കി നിവ്യ ആന്റണി റെക്കോര്ഡിലാണു മൂന്നാം കുതിപ്പ് അവസാനിപ്പിച്ചത്. 3.45 മീറ്റര്‍ ഉയരത്തില്‍ രണ്ടു ശ്രമങ്ങളിലും നിവ്യ പിഴവ് വരുത്തിയപ്പോഴായിരുന്നു പരിശീലകന്റെ നിര്‍ദേശം വന്നത്. കോച്ചിന്റെ സ്വരം നല്കിയ ആത്മവിശ്വാസത്തില്‍ പോള്‍ കൈയിലെടുത്ത നിവ്യ വേഗത്തോടെ കുതിച്ചുയര്‍ന്നു. മൈതാനത്തിനു പുറത്തെ ഇരുമ്പു വേലിക്കെട്ടിനരികില്‍ പരിശീലകന്റെ ആഹ്ലാദം മൈതാനത്ത് കേള്‍ക്കാമായിരുന്നു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ പുതിയ ഉയരവും ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനവുമായാണ് നിവ്യ ആന്റണി സ്വര്‍ണം നേടിയത്. പിന്നീട് 3.50 മീറ്റര്‍ ഉയരം മറികടക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു ശ്രമങ്ങളും ഫൗളില്‍ അവസാനിക്കുകയായിരുന്നു. മികച്ച എതിരാളികളില്ലാതെ 2.70 മീറ്റര്‍ ഉയരത്തിലാണ് നിവ്യ മത്സരം ആരംഭിച്ചത്. എതിര് താരങ്ങളാവട്ടെ പരാജിതരായി കളം വിട്ടു. വെള്ളി നേടിയ മാര്‍ബേസില്‍ കോതമംഗലത്തിന്റെ ബ്ലെസി കുഞ്ഞുമോന് 2.50 മീറ്റര്‍ ഉയരം മാത്രമാണ് കീഴടക്കിയത്. മൂന്നാം സ്ഥാനക്കാരി 2.45 മീറ്റര്‍ ഉയരത്തിനപ്പുറത്തേക്ക് പോയില്ല. 2.70 മീറ്റര്‍ ഉയരം ആദ്യ ശ്രമത്തില്‍ തന്നെ നിവ്യ മറികടന്നു. പിന്നീട് മൂന്നു മീറ്ററാക്കി ഉയര്‍ത്തിയപ്പോഴും വെല്ലുവിളിയായില്ല. അടുത്ത ലക്ഷ്യം 3.22. കഴിഞ്ഞ വര്‍ഷം ദേശീയ സ്കൂള്‍ മീറ്റില്‍ ദിവ്യ മോഹന്‍ സ്ഥാപിച്ച 3.20 ന്റെ ഉയരം മറികടക്കണം. എന്നാല്‍ ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനം നടത്തിയതോടെ ഉയരം കീഴടങ്ങി. 3.31 മീറ്റര്‍ ഉയരവും അനായാസം താണ്ടി 3.40 മീറ്റര്‍ രണ്ടാം ശ്രമത്തിലും പിന്നീട് 3.45 മീറ്ററായി ബാര്‍ ഉയര്‍ത്തിയപ്പോള്‍ മൂന്നാം ശ്രമത്തിലും മറികടന്നു നിവ്യ റെക്കോര്‍ഡ് സ്വര്‍ണം നേടി ചിരിച്ചു. പട്യാലയില്‍ ദേശീയ ക്യാംപിനിടെ നിവ്യ 4.45 മറികടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."