കരിപ്പൂരില്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ എയര്‍ഇന്ത്യയുടെ സഹോദര കമ്പനിക്ക്
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജോലികള്‍ എയര്‍ഇന്ത്യയുടെ സഹോദര സ്ഥാപനമായ എയര്‍ഇന്ത്യാ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസ് ലിമിറ്റഡ് ഏറ്റെടുത്തു. രാജ്യത്ത് എയര്‍ഇന്ത്യയുടെ ജോലികള്‍ കാലങ്ങളായി സോഹാദര സ്ഥാപനമായ എ.ഐ.എ.ടി.എസ്.എല്ലിനാണ് നല്‍കാറുളളത്. എന്നാല്‍ ഇവര്‍ നേരിട്ട് ഏറ്റെടുക്കാതെ മറ്റുസ്വകാര്യ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയായിരുന്നു ചെയ്തിരുന്നത്. ഇത്തരം കരാര്‍ കമ്പനികളാണ് ഇതുവരെ തൊഴിലാളികളെ നിയമിച്ച് പ്രവൃത്തികള്‍ നടത്തിയിരുന്നത്.
കരിപ്പൂരില്‍ എ.ഐ.എ.ടി.എസ്.എല്ലില്‍ നിന്ന് കരാര്‍ ഏറ്റെടുത്തിരുന്ന ദില്ലി ആസ്ഥാനമായ കുള്ളാര്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. ഇവരുടെ കരാര്‍ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. എന്നാല്‍ മുന്‍ വര്‍ഷങ്ങളെപ്പോലെ കരാര്‍ പുതുക്കി നല്‍കാതെ എ.ഐ.എ.ടി.എസ്.എല്‍ ഇന്നലെ മുതല്‍ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്)വിമാനത്താവളങ്ങളില്‍ ഉപകരാര്‍ നല്‍കുന്നത് തടഞ്ഞതാണ് എ.ഐ.എ.ടി.എസ്.എല്ലിന് കരാര്‍ നല്‍കാന്‍ കഴിയാതെ വന്നത്.
കരിപ്പൂരില്‍ കുള്ളാര്‍ കമ്പനിക്ക് കീഴില്‍ തൊഴിലാളികളായുണ്ടായിരുന്ന 450 പേരില്‍ 400 പേരെയും എ.ഐ.എ.ടി.എസ്.എല്‍ ഏറ്റെടുത്തിട്ടുണ്ട്. ശേഷിക്കുന്നവരെ അടുത്ത ദിവസങ്ങളിലും ഉള്‍പ്പെടുത്തും. ഇതോടെ തൊഴിലാളികളുടെ ശമ്പളം അടക്കമുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആറ് മാസത്തേക്കാണ് എ.ഐ.എ.ടി.എസ്.എല്‍ ജോലി ഏറ്റെടുക്കുന്നത്. പിന്നീട് കരാര്‍ നീട്ടി ലഭിച്ചാല്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാകും.
മൂന്നുമാസം മുന്‍പാണ് കുള്ളാര്‍ കരാര്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് വിമാനത്താവളത്തിനകത്തേക്ക് പ്രവേശന പാസ് പുതുക്കി നല്‍കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിസമ്മതിച്ചിരുന്നു. വിമാന സര്‍വിസുകളെ അടക്കം ബാധിച്ചതിനെ തുടര്‍ന്ന് പിന്നീട് നീട്ടിനല്‍കുകയായിരുന്നു.വിമാനങ്ങളില്‍ നിന്ന് ലഗേജ് കയറ്റിയിറക്കലടക്കമുളള പ്രവൃത്തികളാണ് ഗ്രൗണ്ട് ഹാന്റിലിങ്ങ് ജോലികളായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."