സര്‍ക്കാര്‍ ഉത്തരവിന് പിന്നില്‍ എസ്.എഫ്.ഐയും ഇടത് യൂനിയനുമെന്ന് ആക്ഷേപം
തൊടുപുഴ: ഒന്നും മൂന്നും സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ മാറ്റിവച്ചത് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കി. പരീക്ഷ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനു പിന്നില്‍ എസ്.എഫ്.ഐ യുടേയും ഇടത് അനുകൂല ജീവനക്കാരുടെ സംഘടനയുടേയും സമ്മര്‍ദമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാലയുടെ ബിടെക് പരീക്ഷ മാറ്റിവച്ചത്. ഇനി എന്നു പരീക്ഷ നടത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനു ക്ലാസ് തുടങ്ങുമ്പോള്‍ത്തന്നെ പ്രസിദ്ധീകരിച്ച പരീക്ഷാ തീയതിയാണു മാറ്റിയത്. പരീക്ഷ പൂര്‍ത്തിയാക്കി ജനുവരി രണ്ടിനു ക്ലാസ് പുനരാരംഭിക്കാനുള്ള മുന്‍ തീരുമാനവും അവതാളത്തിലായി.
മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ ഒന്നാം സെമസ്റ്ററില്‍ തോറ്റ പേപ്പര്‍ എഴുതുന്നുണ്ടെന്നും രാവിലെയും വൈകിട്ടുമായി പരീക്ഷ നടത്തുന്നത് അവര്‍ക്കു ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പരീക്ഷ മാറ്റിയത്.
മൂന്നാം സെമസ്റ്ററുകാര്‍ക്ക് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതി ജയിക്കാന്‍ മൂന്ന് അവസരം നല്‍കിയിരുന്നു. അതിലൊന്നും ജയിക്കാതെ നാലാമത്തെ അവസരം ഉപയോഗിച്ചു പരീക്ഷ എഴുതുന്നവര്ക്കുവേണ്ടിയാണ് ഒന്നും മൂന്നും സെമസ്റ്ററിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും പരീക്ഷ മാറ്റിയത്.
ചോദ്യക്കടലാസ് ഓണ്‍ലൈനായി പരീക്ഷാകേന്ദ്രങ്ങളില്‍ നല്കുന്നതിനോടുള്ള എതിര്‍പ്പാണു പരീക്ഷ മാറ്റിവയ്ക്കാനുള്ള മറ്റൊരു കാരണം. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനായി എത്തുന്ന ചോദ്യക്കടലാസ് സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍നിന്നു ചോരുമെന്നാണ് ആക്ഷേപം. നേരത്തേ എം.ടെക്, എം.ബി.എ, ബി.ടെക് സപ്ലിമെന്ററി, സ്പെഷല്‍ സപ്ലിമെന്ററി തുടങ്ങി ആറു പരീക്ഷകള്‍ ഈ രീതിയില്‍ നടത്തി വിജയിച്ചിരുന്നു.
അച്ചടിച്ച ചോദ്യക്കടലാസ് ഒരാഴ്ച മുമ്പു സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ എത്തിച്ചാണു മറ്റു സര്‍വകലാശാലകള്‍ നേരത്തേ പരീക്ഷ നടത്തിയിരുന്നത്. അതു ചോരുമെന്ന് ആരും ആക്ഷേപിച്ചിരുന്നില്ല. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പു കണ്ട്രോളര് ഓണ്‍ലൈനായി അയയ്ക്കുന്ന ചോദ്യക്കടലാസ് സൂപ്പര്‍വൈസറും കോളജ് പ്രിന്‍സിപ്പലും ചേര്‍ന്നാണു ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
തുടര്‍ന്നു പ്രിന്റ് ഔട്ട് എടുത്തു കവറിലാക്കും. സി.സി ടിവി നിരീക്ഷണത്തിലാണ് ഇതു ചെയ്യുന്നത്.സ്വകാര്യ ഏജന്‍സിയുടെ സര്‍വറില്‍ ചോദ്യം സൂക്ഷിച്ചാല്‍ ചോരുമെന്ന ആക്ഷേപത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഐ.ടി മിഷന്റെ സര്വറാണു സാങ്കേതിക സര്‍വകലാശാല ഉപയോഗിക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ഈ രീതിയില്‍ നടത്താനിരുന്ന പരീക്ഷയും ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു മാറ്റിയിരുന്നു. പിന്നീടു കെ.ബി.പി.എസില്‍ ചോദ്യക്കടലാസ് അച്ചടിച്ചു പരീക്ഷ നടത്തി. ഇനി പ്രസ് കണ്ടെത്തി ചോദ്യക്കടലാസ് അച്ചടിച്ചു വേണം ഒന്നും മൂന്നും സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ നടത്താന്‍.
സാങ്കേതിക സര്‍വകലാശാലയില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതായി വലിയൊരു വിഭാഗത്തിനു ശക്തമായ എതിര്‍പ്പുണ്ട്.
എഞ്ചിനീയറിംഗ് കോഴ്സുകള്‍ സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ആക്കിയതോടെ ഒരു സെമസ്റ്റര്‍ പാസാകാതെ അടുത്ത സെമസ്റ്ററില്‍ പഠിക്കാനാകില്ല. ക്ലാസ്സില്‍ കൃത്യമായി കയറാത്തവര്‍ക്കു പരീക്ഷ എഴുതാനും ആവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."