ഇന്ത്യ-അഫ്ഗാന്‍ വ്യോമ ഇടനാഴി പരിഗണനയില്‍: ഡോ. അശ്‌റഫ് ഗനി
അമൃത്്‌സര്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി വ്യോമ ഇടനാഴിയുടെ സാധ്യത പരിശോധിക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഡോ. അശ്‌റഫ് ഗനി. പാക് മേഖലയിലൂടെ ഇന്ത്യ-അഫ്ഗാന്‍ ചരക്കു നീക്കവും ഗതാഗതവും നിരോധിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണു വ്യോമ ഇടനാഴിയുടെ സാധ്യത പരിശോധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അമൃത്്‌സറില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ്. അഫ്ഗാനുമായുള്ള റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെയുള്ള വ്യാപാര ബന്ധവും പാകിസ്താന്‍ നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യയുമായി ചേര്‍ന്നു വ്യോമ ഇടനാഴിയുടെ സാധ്യത പരിശോധിക്കാന്‍ അഫ്ഗാന്‍ ആലോചിക്കുന്നത്.
ഇന്ത്യയും അഫ്ഗാനും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തേണ്ട ആവശ്യകതയും ഗനി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇറാന്റെ വടക്കു കിഴക്കന്‍ ഭാഗത്തെ ചമ്പഹാര്‍ തുറമുഖത്തിനു വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും അഫ്ഗാന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ഇന്ത്യയുമായി ശക്തമായ ബന്ധമാണ് അഫ്ഗാനിസ്താനുള്ളത്. തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഇന്ത്യയുടെ ഭാഗത്തു നിന്നും ലഭിക്കുന്ന സഹായങ്ങള്‍ വിലമതിക്കാനാകാത്തതാണ്. സുതാര്യമായ സഹകരണമാണ് ഇതുവരെ ഇന്ത്യ തങ്ങളുടെ രാജ്യത്തിന് നല്‍കിയതെന്നും ഗനി വ്യക്തമാക്കി.
പശ്ചിമ അഫ്ഗാനിസ്താനിലെ ഹെരാത്ത് പ്രവിശ്യയിലെ ചിസ്തി ശരീഫ് ജില്ലയിലെ റിവര്‍ നദിയില്‍ സല്‍മ ഡാം നിര്‍മിക്കാന്‍ ഇന്ത്യ നല്‍കിയ സഹായത്തിനു നന്ദി അറിയിച്ച അശ്‌റഫ് ഗനി ഭീകരവാദത്തെ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ നടപടിക്കു പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും പറഞ്ഞു.
യു.എന്‍ പട്ടികയിലുള്ള 30ലധികം ഭീകരവാദ ഗ്രൂപ്പുകള്‍ അഫ്ഗാനെതിരായി നിലകൊള്ളുന്നുണ്ട്. വലിയതോതിലുള്ള ഭീഷണിയാണു രാജ്യം നേരിടുന്നത്. ഇത്തരം ഭീകര ഗ്രൂപ്പുകള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി നിരപരാധികളാണു കൊല്ലപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം അഫ്ഗാന് വഴിത്തിരിവാകുമെന്നും ഗനി ചൂണ്ടിക്കാട്ടി.
ഇന്ത്യ-അഫ്ഗാന്‍ വ്യാപാര ബന്ധം, നിക്ഷേപം, സുരക്ഷ, വ്യോമ ഗതാഗതം തുടങ്ങിയ വിഷയങ്ങളാണു യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
തീവ്രവാദം, രാഷ്ട്രീയമായ വിവിധ തരത്തിലുള്ള വെല്ലുവിളികള്‍ എന്നിവക്കെതിരേ ഏഷ്യന്‍ രാജ്യങ്ങള്‍ പോരാടണമെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി സലാഹുദ്ദീന്‍ റബ്ബാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."