ഇത്തവണയും ബഡ്ഡിയെ തോല്‍പ്പിക്കാന്‍ ആരുമെത്തിയില്ല
കോഴിക്കോട്: മൈതാനത്തിന്റെ മൂലയിലും വാഹനത്തിലും ബാഗിലും ബഹുനിലക്കെട്ടിടത്തിലുമെല്ലാമുള്ള ബോംബ് അതിവേഗത്തില്‍ കണ്ടെത്തി ഇത്തവണയും ബഡ്ഡി പൊലിസ് നായ്ക്കളില്‍ ഒന്നാമനായി. തിരുവനന്തപുരത്ത് നടന്ന ഡ്യൂട്ടി മീറ്റിലാണ് ഉദ്യോഗസ്ഥരെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് കോഴിക്കോട് ഡോഗ് സ്‌ക്വാഡിലെ ബഡ്ഡി മൂന്നാം തവണയും മികച്ച പൊലിസ് നായയായി തിരഞ്ഞെടുക്കപ്പെട്ടത്. 20 പൊലിസ് നായ്ക്കളെയാണ് ഇത്തവണ ബഡ്ഡി കടത്തി വെട്ടിയത്.
മികച്ച വിജയം കൈവരിച്ച ബഡ്ഡി ഇപ്പോള്‍ 19 മുതല്‍ മൈസൂരില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ മീറ്റില്‍ പങ്കെടുക്കാന്‍ തയാറെടുക്കുകയാണ്. അതിരാവിലെ ബഡ്ഡി തന്റെ പരിശീലകര്‍ക്കൊപ്പം ഉന്മേഷത്തോടെ പരിശീലനത്തിനിറങ്ങും. അടുത്ത ആഴ്ച മുതല്‍ ബഡ്ഡിക്ക് എറണാകുളത്ത് തീവ്രപരിശീലനവുമുണ്ട്. 2014ലും ഡ്യൂട്ടി മീറ്റില്‍ ഒന്നാമതെത്തിയെങ്കിലും ഓള്‍ ഇന്ത്യാ മീറ്റില്‍ ബഡ്ഡി പങ്കെടുത്തിരുന്നില്ല. മീറ്റ് ഗുജറാത്തിലായതും യാത്ര പ്രയാസമായതുമാണ് കാരണം. മൂന്നുവര്‍ഷം മുന്‍പാണ് ബഡ്ഡി കോഴിക്കോട് ഡോഗ് സ്‌ക്വാഡിലെത്തുന്നത്. തൃശൂരിലെ ഫിജി ഫ്രാന്‍സിസില്‍ നിന്നാണ് മൂന്നു മാസം പ്രായമുള്ള ബഡ്ഡിയെ കേരള പൊലിസ് വാങ്ങുന്നത്. കോഴിക്കോട്ട് പ്രധാനമന്ത്രി വന്നാലും മുഖ്യമന്ത്രി വന്നാലും സുരക്ഷാ പരിശോധന നടത്തുന്നത് ബഡ്ഡിയാണ്.
പ്രായാധിക്യം കാരണം മറ്റു നായ്ക്കളെ കൊണ്ടുപോയതിനാല്‍ ഇപ്പോള്‍ കോഴിക്കോട്ട് ബഡ്ഡി മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. മലപ്പുറത്ത് സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ ഇപ്പോള്‍ നിത്യവും പരിശോധനയുമുണ്ട്. അതിനാല്‍ അല്‍പ്പം ജോലി ഭാരം ഇപ്പോള്‍ ബഡ്ഡിക്ക് കൂടുതലാണ്. എങ്കിലും മത്സരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ബഡ്ഡിയെ ചുമതലക്കാരായ എ.എസ്.ഐ സനില്‍കുമാറും സി.പി.ഒ സന്തോഷും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
പാലാണ് ബഡ്ഡിയുടെ പ്രധാന ഭക്ഷണം. ആര്‍.ഡി.എക്‌സ്, ടി.എന്‍.ടി, ജലാറ്റിന്‍ തുടങ്ങിയ എക്‌സ്‌പ്ലോസീവുകളെല്ലാം അതിവേഗം കണ്ടെത്താനുള്ള പ്രത്യേക കഴിവ് ബഡ്ഡിക്കുണ്ട്. അനുസരണാശീലവും അച്ചടക്കവും കൂടുതലുള്ളതിനാല്‍ എല്ലാവരുടെയും കണ്ണിലുണ്ണി കൂടിയാണ് ഇപ്പോള്‍ ബഡ്ഡിയെന്ന് എ.എസ്.ഐ മനോജും എ.എസ്.ഐ ശിവദാസനും, സി.പി.ഒ അനീഷും ഒരേ സ്വരത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."