ഇടതു മുന്നണി വന്നു: എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ വടക്കാഞ്ചേരി നഗരസഭ
വടക്കാഞ്ചേരി: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വടക്കാഞ്ചേരി നഗരസഭാ ഭരണാധികാരികള്‍ ശുഭ പ്രതീക്ഷയില്‍.
നിലവില്‍ നഗരസഭ അനുഭവിക്കുന്ന ബാലാരിഷ്ടതകള്‍ മറികടക്കാന്‍ ഇടതു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്ന് നഗരസഭ ഭരണസമിതി പ്രതീക്ഷിക്കുന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നഗരസഭ രൂപീകരിച്ചതല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നും ക്രമീകരിച്ചില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. 41 അംഗ ഭരണസമിതിക്ക് യോഗം ചേരുന്നതിന് ആവശ്യമായ കോണ്‍ഫറന്‍സ് ഹാള്‍ പോലും ഇല്ലാത്ത സ്ഥിതിയാണ് നിലവില്‍. മുന്‍ വടക്കാഞ്ചേരി പഞ്ചായത്ത് ഓഫിസാണ് നഗരസഭയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉപയോഗിക്കുന്ന മുറിക്ക് പോലും ആവശ്യമായ വലുപ്പമോ സൗകര്യങ്ങളോ ഇല്ല.
വൈസ് ചെയര്‍മാനും മറ്റു സ്ഥിരംസമിതി അധ്യക്ഷമാരും ഓഫിസ് മുറിയോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെ പുറത്തിരിക്കേണ്ട സ്ഥിതിയാണ്. അതിനാല്‍ തന്നെ അടിയന്തരമായി നഗരസഭക്ക് ഓഫിസ് കെട്ടിടം പണിയണമെന്ന ആവശ്യവും ശക്തമാണ്. ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് പുതിയ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നിര്‍ലോഭമായ സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ സത്വര നടപടികളും നഗരസഭയുടെ പ്രതീക്ഷയാണ്.
നിലവില്‍ 3000 തൊഴിലാളികള്‍ ജോലിയും കൂലിയുമില്ലാതെ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മുണ്ടത്തിക്കോട് വടക്കാഞ്ചേരി പഞ്ചായത്തുകള്‍ ചേര്‍ന്ന് നഗരസഭയായതോടെ പഞ്ചായത്തുകളില്‍ നിലനിന്നിരുന്ന തൊഴിലുറപ്പ് പദ്ധതിയും ഇല്ലാതായി.
പകരം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കാന്‍ കഴിയാതിരുന്നത് മുന്‍ സര്‍ക്കാരിന്റെ അവഗണനയും പിടിപ്പുകേടും മൂലമാണെന്നായിരുന്നു നഗരസഭ ആരോപിച്ചിരുന്നത്. ഇടത് സര്‍ക്കാര്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് ഭരണസമിതി ജനങ്ങളെ അറിയിച്ചിരുന്നു.
നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാത്തതിനാല്‍ പരിഹാരം കാണാനും പുതിയ സാഹചര്യത്തില്‍ കഴിയുമെന്ന പ്രതീക്ഷയും ശക്തമാണ്. കുന്നുംകുളം എം.എല്‍.എ എ.സി മൊയ്തീന്‍ മന്ത്രിയാവുക കൂടി ചെയ്താല്‍ അത് നഗരസഭയുടെ സുവര്‍ണ കാലമായിരിക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."