ജില്ലാ മെഡിക്കല്‍ ഓഫിസ് കല്‍പ്പറ്റയിലേക്ക് മാറ്റാന്‍ നീക്കം
മാനന്തവാടി: ജില്ലാ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫിസ് 48 മണിക്കൂറിനകം ജില്ലാ ആസ്ഥാനത്തേക്ക് മാറ്റാന്‍ രഹസ്യ നീക്കം.
മെഡിക്കല്‍ ഓഫിസറുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജീവനക്കാരാണ് ഓഫിസ് മാറ്റി പ്രതിഷ്ഠിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്ക് കല്‍പ്പറ്റ എം.എല്‍.എയുടെയും ഭരണാനുകൂല സര്‍വീസ് സംഘടനയുടെയും പൂര്‍ണ പിന്തുണ കൂടി ലഭിച്ചതോടെ നടപടി ക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
വിവരം ഡി.എം ഓഫിസിലെ താഴെ കിടയിലെ ജീവനക്കാര്‍ അറിയാതിരിക്കാന്‍ അതീവ രഹസ്യമായാണ് ഫയലുകള്‍ നീക്കിയത്. കല്‍പ്പറ്റ ഗവ.ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് ഡി.എം.ഒ ഓഫിസ് മാറ്റാനാണ് തീരുമാനം. സ്ഥലം ആരോഗ്യ വകുപ്പിലെ ജില്ലയിലെ ഉന്നതര്‍ കണ്ട് തൃപ്തരാവുകയും ചെയ്തു. സി.പി.എം. ജില്ലാ നേതൃത്വവും മാനന്തവാടി എം.എല്‍.എയും ഈ നീക്കത്തിന് എതിരായിരുന്നെങ്കിലും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് എതിര്‍പ്പ് ഉപേക്ഷിച്ചതായാണ് സൂചന. മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കെട്ടിട നിര്‍മാണത്തിന് 70 ലക്ഷം രൂപ അനുവദിക്കുകയും പൊതുമരാമത്ത് കെട്ടിടവിഭാഗം എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഓഫിസ് ഇളക്കി പ്രതിഷ്ഠിക്കുന്നത്. ചെലവ് ചുരുക്കലും പുതിയ കെട്ടിടം നിലവിലെ സ്ഥലത്ത് നിര്‍മിക്കുന്നതിന് പുരാവസ്തു വകുപ്പിന്റെ തടസവുമാണ് ഓഫിസ് മാറ്റുന്നതിന് മുന്‍കൈ എടുക്കുന്നവരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."