ബൂട്ടഴിച്ചു; എന്നെന്നേക്കുമായി... ഫുട്‌ബോള്‍ താരം ചെമ്പകത്ത് ജാബിറിന് യാത്രാമൊഴി
അരീക്കോട്: തന്റെ ആറാം വയസ് മുതല്‍ കളിക്കളങ്ങളില്‍ ഇന്ദ്രജാലംതീര്‍ത്ത് ഒടുവില്‍ ഇന്ത്യന്‍ ടീമിലെത്തിയ എം.എസ്.പി പൊലിസ് ഇന്‍സ്‌പെക്ടറും ഫുട്‌ബോള്‍ താരവുമായ ചെമ്പകത്ത് ജാബിറിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട ജാബിറിനുവേണ്ടി മയ്യിത്ത് നിസ്‌കരിക്കാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ഫുട്‌ബോളിനോട് അടങ്ങാത്ത പ്രണയമായിരുന്നു ജാബിറിന്. ഊണിലും ഉറക്കിലും പഠനവഴികളിലും കാല്‍പന്തു കളി കാര്യമായ ചര്‍ച്ചയായി. അരീക്കോടിന്റെ കളിക്കളത്തില്‍നിന്ന് ഉയര്‍ന്നുവന്നു രാജ്യത്തിന്റെ ജഴ്‌സിയണിഞ്ഞു മിഡ്ഫീല്‍ഡറും പ്രതിരോധക്കാരനുമായി. കേരളാ പൊലിസില്‍നിന്നു കേരളാ ടീമിലേക്കും പിന്നീട് ദേശീയ മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞു. 1991ല്‍ ആദ്യമായി കേരളാ പൊലിസ് ടീം ഫെഡറേഷന്‍ കപ്പ് നേടിയപ്പോള്‍ മിന്നും പ്രകടനം കാഴ്ചവച്ച ജാബിറിന്റെ ടീം തന്നെയായിരുന്നു 92ലും കപ്പ് നേടിയത്. രാജ്യന്തര മത്സരങ്ങളില്‍ കാക്കിക്കുപ്പായക്കാര്‍ നിറസാന്നിദ്ധ്യമായ കാലത്ത് മലയാളനാടിന്റെ പേരും പെരുമയും ലോകത്തിന്റെ നെറുകയിലെത്തിച്ച കരുത്തുറ്റ ടീമിലൊരാള്‍.
ഐ.എം വിജയന്‍, യു. ഷറഫലി, സി.വി പാപ്പച്ചന്‍, വി.പി സത്യന്‍, കുരികേശ് മാത്യൂ, കെ.ടി ചാക്കോ, തോമ്പിയാസ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം കളംനിറഞ്ഞു കളിച്ച് കരുത്തുകാണിച്ച പ്രതിഭാശാലിയാണ് ജാബിര്‍. 1990കളില്‍ കേരളാ പൊലിസ് ടീമിന്റെ മുന്‍നിര താരങ്ങളിലൊരാളായ ഇദ്ദേഹം 1994, 95, 96 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി പന്തുതട്ടി.
അമ്മാവന്‍ ചെമ്പകത്ത് അഹമ്മദ് കുട്ടി ഹാജിയില്‍നിന്നാണ് കളിയുടെ ബാലപാഠം നുകര്‍ന്നത്. ടൈറ്റാനിയത്തിനു വേണ്ടി കളിച്ച അമ്മാവന്റെ മകന്‍ ബഷീര്‍ അഹമ്മദാണ് കളിക്കളത്തിലേക്കുള്ള വഴിയില്‍ ഊര്‍ജം പകര്‍ന്നത്. വിരമിച്ച ശേഷം സൗഹൃദ മത്സരങ്ങളിലും സെവന്‍സ് ടൂര്‍ണമെന്റുകളിലും കളിക്കാരനും സംഘാടകനുമായി.
കളിപഠിച്ച മൈതാനത്ത് മയ്യിത്ത് നിസ്‌കാരം
അരീക്കോട്: ജാബിര്‍ പന്ത് തട്ടിക്കളിച്ച അരീക്കോട് തെരട്ടമ്മല്‍ മൈതാനത്തില്‍ ആയിരങ്ങളാണ് മയ്യിത്ത് നിസ്‌കാരത്തിനെത്തിയത്. ഇന്നലെ രാവിലെ മുതല്‍ ഒഴുകിയെത്തിയ ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ ഏകമാര്‍ഗം എന്ന നിലയ്ക്ക് ഗ്രൗണ്ടില്‍വച്ചു മയ്യിത്ത് നിസ്‌കാരം നടത്തുകയായിരുന്നു.
രാഷ്ട്രീയ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൊലിസ് ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടങ്ങുന്ന വന്‍ ജനാവലി താരത്തിനായി പ്രാര്‍ഥന നടത്താനെത്തിയതോടെ തെരട്ടമ്മല്‍ ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞു. പിതാവ് ചെമ്പകത്ത് മുഹമ്മദ് നിസ്‌കാരത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."