വിദ്യാഭ്യാസ രംഗത്തെ അമിതവേഗം ആപത്ത് സൃഷ്ടിക്കും: എം.എ ബേബി
ചെറുതുരുത്തിയില്‍ ദേശീയ കഥകളി മഹോത്സവത്തിന് തുടക്കം
ചെറുതുരുത്തി: വിദ്യാഭ്യാസ മേഖലയില്‍ അമിതവേഗം സൃഷ്ടിക്കാനുള്ള രക്ഷിതാക്കളുടെയും അധ്യാപകരുടേയും ശ്രമം ആപത്ത് സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്‍ മന്ത്രി എം.എ ബേബി പറഞ്ഞു. ചെറുതുരുത്തി പഴയ കലാമണ്ഡലത്തില്‍ ആരംഭിച്ച ദേശീയ കഥകളി മഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ അതിവേഗം എല്ലാം പഠിപ്പിച്ച് പെട്ടെന്ന് ഫലം തരുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റാനാണ് രക്ഷിതാക്കളുടെ ശ്രമം. ഇതിനുവേണ്ടി എത്ര പണം മുടക്കാനും മടിയില്ലാത്തവരായി രക്ഷിതാക്കള്‍ മാറുകയാണ്. ഇതിനു മാറ്റം വരേണ്ടതുണ്ട്. പുതുതലമുറ പഴയ കലാകാരന്മാരില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം. അവരുടെ ത്യാഗങ്ങളും വിജയങ്ങളും ജീവിതത്തിലേക്ക് പകര്‍ത്തണം. കഥകളിയുടെ ഇന്നത്തെ പഠന രീതിയില്‍ സമൂലമാറ്റം അനിവാര്യമാണെന്നും പുതിയ സര്‍ക്കാര്‍ കഥകളിയെ പ്രേത്സാഹിപ്പിക്കുന്ന പാഠ്യപദ്ധതിക്ക് രൂപം നല്‍കുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
പഴയ കലാമണ്ഡലത്തിലെ നിളാ കാംപസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുന്‍ എം.എല്‍.എ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ, വൈസ് പ്രസിഡന്റ് എം.സുലൈമാന്‍, പത്മശ്രീ കലാമണ്ഡലം ഗോപി വാസന്തി മേനോന്‍, എം.എ.പി.എസ് നമ്പൂതിരി, എം.മുരളീധരന്‍, എം.എസ് രാഘവന്‍, കലാമണ്ഡലം സി.ഗോപാലകൃഷ്ണന്‍, സദനം ഹരികുമാര്‍, കൃഷ്ണകുമാര്‍ പൊതുവാള്‍, ഡോ: കെ.കെ.പി സംഗീത എന്നിവര്‍ പ്രസംഗിച്ചു.
കഥകളിയെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന കഥകളി മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാവിലെ വള്ളത്തോള്‍ സമാധിയില്‍ നടന്ന പുഷ്പാര്‍ച്ചനയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കേളിയും കഥകളി കോപ്പുകളുടെ പ്രദര്‍ശനവും കഥകളിയിലെ അവിസ്മരണീയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായി. സെമിനാറുകളും ചൊല്ലിയാട്ടവും വൈകീട്ട് പത്മശ്രീ കലാമണ്ഡലം ഗോപി അര്‍ജുനനായി സുഭദ്രാഹരണം കഥകളിയും നടന്നു. ഇന്ന് രാവിലെ തോടയം നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കലാമണ്ഡലം വൈസ് ചാന്‍സ്‌ലര്‍ ഡോ. എം.സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ അധ്യക്ഷയായി. വിദ്യാഭ്യാസ രംഗത്തെ അമിതവേഗം ആപത്ത് സൃഷ്ടിക്കും: എം.എ ബേബി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."