HOME
DETAILS
MAL
ജയലളിത: ആശുപത്രിയിലെ നാള്‍വഴികള്‍
backup
December 06 2016 | 01:12 AM
കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് അപ്രതീക്ഷിതമായി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത പുറംലോകമറിഞ്ഞത്. പനിയും നിര്‍ജലീകരണവും പിടിപെട്ടാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു വിശദീകരണം. ജയലളിതയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഫലപ്രദമായ ചികിത്സയിലൂടെ അവരുടെ രോഗം ഭേദമായെന്നും ആശുപത്രി വിടാനൊരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ഇതിനിടയിലാണ് ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതായ വാര്‍ത്ത പുറത്തെത്തിയത്.
- സെപ്റ്റംബര്‍ 24 ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പലതരത്തില്‍ പ്രചരിച്ചു. ചികിത്സാര്‍ഥം വിദേശത്തേക്ക് പോകുന്നുവെന്ന വാര്‍ത്ത വന്നെങ്കിലും ഇത് ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
- നവംബര്‍ 25 പ്രത്യേക സംവിധാനം ഉപയോഗിച്ച് (സ്പീക്കിങ് വാല്‍വ്) ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.
- സെപ്റ്റംബര്‍ 29 മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ദിവസങ്ങള്‍ക്കകം ആശുപത്രി വിടുമെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കി.
- ഒക്ടോബര്‍ 1 ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പുറത്തുവിടുന്നതില്‍ പാര്‍ട്ടി ശക്തമായി പ്രതിഷേധിച്ചു. ചികിത്സക്കിടയിലും അവര്‍ ഔദ്യോഗിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതായും എ.ഐ.എ.ഡി.എം.കെ വിശദീകരിച്ചു.
- ഒക്ടോബര്‍ 6 ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാനായി ഡല്‍ഹി എയിംസില്‍ നിന്ന് ഡോക്ടര്‍മാരുടെ വിദഗ്ധസംഘമെത്തി.
- ഒക്ടോബര്‍ 21 ജയലളിത ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നുവെന്ന് വീണ്ടും മെഡിക്കല്‍ ബുള്ളറ്റിന്‍.
- നവംബര്‍ 3 അസുഖ വിവരത്തെക്കുറിച്ചും തനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ജയലളിത പൂര്‍ണ ബോധവതിയാണെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് സി.റെഡ്ഢി.
- നവംബര്‍ 13 ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 50 ദിവസത്തിനു ശേഷം തന്റേത് പുനര്‍ജന്മമാണെന്നും ഔദ്യോഗിക ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്നും ജയലളിത എഴുതി ഒപ്പിട്ട കത്ത് പുറത്തുവിട്ടു.
- നവംബര്‍ 19 തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ജയലളിതയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. എപ്പോള്‍ വേണമെങ്കിലും ആശുപത്രി വിടാമെന്നും എന്നുപോകണമെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അധികൃതര്‍.
- നവംബര്‍ 25 സ്പീക്കിങ് വാല്‍വ് ഉപയോഗിച്ച് ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.
- ഡിസംബര്‍ 4 ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചുവെന്ന് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍. വീട്ടിലേക്ക് മടങ്ങുമെന്നും വിശദീകരണം.
- ഡിസംബര്‍ 4 രാത്രിയായതോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെങ്ങും ജാഗ്രത പ്രഖ്യാപിച്ചു. സി.ആര്‍.പി.എഫും പൊലിസും സുരക്ഷ ശക്തമാക്കി.
- ഡിസംബര്‍ 5 ജയലളിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. തമിഴ് ചാനലുകള്‍ അവര്‍ മരിച്ചതായി വാര്‍ത്ത നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശുപത്രിക്കു നേരെ കല്ലേറ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."