മക്കളുടെ വിശപ്പറിഞ്ഞ മാതൃഹൃദയം
രാഷ്ട്രീയ നേതാക്കളോട്, പ്രത്യേകിച്ച് സിനിമാരംഗത്തു നിന്ന് എത്തിയവരോട് തമിഴ് ജനത കാണിക്കുന്ന ഭക്തിയോളമെത്തിനില്‍ക്കുന്ന ആദരവ് തെല്ലൊരു പരിഹാസം കലര്‍ന്ന കൗതുകക്കാഴ്ചയാണ് എന്നും മലയാളികള്‍ക്ക്. വിദ്യാവിഹീനരായ 'അണ്ണാച്ചി'കളുടെ അന്ധമായ താരാരാധനയായാണ് ഒരുപാട് പ്രത്യയശാസ്ത്രങ്ങളുടെ അമിതഭാരം പേറുന്ന മലയാളി രാഷ്ട്രീയ പൊതുബോധം അതിനെ വിലയിരുത്തിപ്പോരുന്നത്. നേതാക്കള്‍ക്ക് എന്തെങ്കിലും ആപത്തുപറ്റുമ്പോള്‍ വാവിട്ടു കരയുകയും അവര്‍ക്കു മരണം സംഭവിക്കുമ്പോള്‍ ആത്മാഹുതി നടത്തുകയുമൊക്കെ ചെയ്യുന്ന തമിഴരെ അതുകൊണ്ടു തന്നെ നമ്മള്‍ രാഷ്ട്രീയ നിരക്ഷരരായി മുദ്രകുത്തി. അവര്‍ ഒരിക്കലും നന്നാവില്ലെന്നു പോലും നമ്മള്‍ വിധി കല്‍പ്പിച്ചു.
എന്നാല്‍ നേതാക്കള്‍ നല്‍കിയ അയഥാര്‍ഥമായ മോഹനസങ്കല്‍പങ്ങള്‍ക്കപ്പുറത്തേക്കു കടക്കാനാവാത്ത ശരാശരി മലയാളിക്ക് ആക്ഷന്‍ സിനിമകള്‍ പോലെ അനുഭവപ്പെട്ട തമിഴ് രാഷ്ട്രീയത്തിന്റെ മാനുഷിക മറുവശം കാണാനാവാതെ പോയി എന്നതാണു സത്യം. അതുകൊണ്ടു മാത്രമാണ് അവിടുത്തെ രാഷ്ട്രീയ ചലനങ്ങളെ ജയ മാജിക്, കരുണാനിധി മാജിക് തുടങ്ങിയ ഉപരിപ്ലവമായ രാഷ്ട്രീയ സംജ്ഞകളിലൂടെ നമ്മള്‍ വിലയിരുത്തിയത്. കടുത്ത പകപോക്കലുകള്‍ക്കും അഴിമതികള്‍ക്കുമിടയിലും തമിഴ് രാഷ്ട്രീയം കാത്തുസൂക്ഷിച്ച മനുഷ്യപ്പറ്റ് കണ്ടെത്താന്‍ നമുക്കായില്ല, അല്ലെങ്കില്‍ അതിനു ശ്രമിച്ചില്ല. മലയാളി അതു കണ്ടെത്തിയാല്‍ ഒരുപക്ഷെ കേരളത്തില്‍ രാഷ്ട്രീയകക്ഷികള്‍ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന പല വിഗ്രഹങ്ങളും തകര്‍ന്നുവീണേക്കാം.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലം. അന്നു ഞാന്‍ ജോലി ചെയ്തിരുന്ന പത്രം തമിഴ്‌നാട്ടിലെയും വിഭജിച്ചുപോയ തെലുങ്കാന ഉള്‍പെടുന്ന ആന്ധ്രയിലെയും തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എഴുതാനുള്ള ചുമതലയാണ് എന്നെ ഏല്‍പിച്ചത്. ജോലിയുടെ ഭാഗമായി തമിഴകത്തിന്റെ നഗരങ്ങളും നാട്ടിന്‍പുറങ്ങളും കറങ്ങിക്കാണാനിടയായി. പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി വലിയ സബ്‌സിഡി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ജയലളിത സ്ഥാപിച്ച 'അമ്മ ഉണവകം' എന്ന ഭോജനശാലകള്‍ നിലവില്‍ വന്നിട്ട് കഷ്ടിച്ച് ഒരു വര്‍ഷമായിക്കാണും. പത്രങ്ങളില്‍ വായിച്ചറിഞ്ഞ കൗതുകത്തോടെ ഒരു രാവിലെ ചെന്നൈയിലെ അമ്മ ഉണവകത്തില്‍ കയറി. സാമ്പാറും ചമ്മന്തിയും സഹിതം ഒരു രൂപയ്ക്ക് ഒരു ഇഡ്ഡലി. നാലു രൂപയ്ക്ക് പ്രാതല്‍ കുശാല്‍. തമിഴ് ജീവിതത്തിന്റെ ഭാഗമായ തൈര് ചേര്‍ത്ത ചോറിന് മൂന്നു രൂപ. 10 രൂപയ്ക്ക് നല്ല വെജിറ്റേറിയന്‍ ഊണ്. നാലു ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമടക്കം ആറു രൂപയ്ക്ക് അത്താഴം. വെറും 20 രൂപയ്ക്ക് മൂന്നു നേരം വിശപ്പകറ്റാം. ഭോജനശാലയ്ക്ക് നല്ല വൃത്തിയും വെടിപ്പും. തെരുവോരങ്ങളിലും ചേരികളിലുമൊക്കെ ജീവിക്കുന്ന പരമദരിദ്രര്‍ അമ്മ ഉണവകങ്ങളില്‍ നിന്ന് ആഹാരം കഴിച്ച് തൃപ്തിയോടെ അവിടെയുള്ള ജയലളിതയുടെ ഫോട്ടോയ്ക്കു മുന്നില്‍ കൈകൂപ്പി പുറത്തിറങ്ങുന്നത് നിറകണ്ണുകളോടെയാണ് ഞാന്‍ കണ്ടത്. ഒരു നേതാവിന്റെ രാഷ്ട്രീയജീവിതം സഫലമാവാന്‍ ഇതിലപ്പുറം എന്തുവേണം?
ഈ പദ്ധതി പൊതുഖജനാവിനു വന്‍ നഷ്ടമുണ്ടാക്കുമെന്ന വിമര്‍ശനം ചില രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നും ഉയര്‍ന്നപ്പോള്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയാണ് ജയ അതിനെ നേരിട്ടത്. വ്യവസായ, കാര്‍ഷിക, വാണിജ്യ മേഖലകളില്‍ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ നികുതിവരുമാനം കൂടിവരികയാണെന്നും അതിലൊരു പങ്ക് പാവങ്ങളുടെ വിശപ്പകറ്റാന്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നുമായിരുന്നു അവരുടെ മറുപടി. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും സബ്‌സിഡികളില്‍ നിന്നും ഭരണകൂടങ്ങള്‍ മാറിനില്‍ക്കണമെന്ന ആധുനിക മുതലാളിത്ത സിദ്ധാന്തത്തിനുള്ള ശക്തമായ രാഷ്ട്രീയ മറുപടിയായിരുന്നു അത്.
വലിയ ആസൂത്രണ വിദഗ്ധര്‍ക്കൊന്നും നേടാനാവാത്ത അറിവ് നമ്മുടെ സവര്‍ണ രാഷ്ട്രീയബോധം 'ഒരുമ്പെട്ട പെണ്ണ്' എന്നു മുദ്രയടിച്ച ആ സ്ത്രീ നേടിയിരുന്നു എന്നതാണു സത്യം. തമിഴക രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവം കൂടിയാണത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ വിജയകരമായി പരിക്ഷിച്ച, സോഷ്യല്‍ ഡമോക്രാറ്റിക് കാഴ്ചപ്പാടിലധിഷ്ഠിതമായ ക്ഷേമരാഷ്ട്ര സങ്കല്‍പം തമിഴകത്തെ രാഷ്ട്രീയകക്ഷികളുടെയെല്ലാം നിലപാടുകളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. വോട്ടിനു വേണ്ടിയാണെങ്കിലും പാവങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്കും സൗജന്യമായും ഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങളുമൊക്കെ നല്‍കാന്‍ അവര്‍ മത്സരിക്കുന്നത് അതുകൊണ്ടാണ്. അക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ജയലളിതയ്ക്കു സാധിച്ചു എന്നതു മാത്രമാണ് അവരുടെ വിജയരഹസ്യം.
ജയലളിതയുടെ നിര്യാണം; കേരളത്തില്‍ ഇന്ന് പൊതുഅവധി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."