എംജിആറിന്റെ അമ്മുവായി; പിന്നെ തമിഴ്മക്കളുടെ അമ്മയും
ചെന്നൈ: ആരായിരുന്നു ജയലളിതയ്ക്ക് എംജിആര്‍ എന്ന എംജി രാമചന്ദ്രന്‍? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇരുവരുടേയും ജീവിതം തന്നെയാണ്. സിനിമയിലെ നായകനില്‍നിന്ന് രാഷ്ട്രീയഗുരുവും അതിലുപരിയും ആയിരുന്നു ജയലളിതയ്ക്ക് എംജിആര്‍. പിണങ്ങിയും പിന്നീട് ഇണങ്ങിയും ഒടുവില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പുരട്ചി തലൈവി ആയി മാറിയ കഥ സിനിമാക്കഥപോലെ സസ്‌പെന്‍സ് നിറഞ്ഞതാണ്.
അമ്മു എന്നായിരുന്നു ജയലളിതയെ എംജിആര്‍ വിളിച്ചിരുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച മിക്ക സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. തമിഴകത്തെ മികച്ച താരജോഡികള്‍ പിന്നീട് രാഷ്ട്രീയത്തിലും ഒന്നിച്ചത് നിയോഗമെന്നാണ് ജയലളിത ഒരിക്കല്‍ പറഞ്ഞത്. നദിയെ തേടി വന്ന കടല്‍ എന്ന സിനിമയിലാണ് അവസാനം എം.ജി ആറിന്റെ നായികയായി അഭിനയിച്ചത്.1980 ലായിരുന്നു അത്. അതേവര്‍ഷം തന്നെ അവര്‍ എഐഎഡിഎംകെയില്‍ അംഗമായി.
സിനിമയില്‍ ലത എന്ന നടിയെ തന്റെ കൂടെ അഭിനയിപ്പിച്ചതോടെയാണ് ഇവര്‍ തമ്മില്‍ ആദ്യം അകന്നത്. പിന്നീട് എംജിആര്‍ മുഖ്യമന്ത്രിയായ ശേഷമാണ് ഇവര്‍ വീണ്ടും അടുത്തത്. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ജയലളിത ശ്രമിച്ചു എന്ന കാരണം പറഞ്ഞ് എംജിആര്‍ വീണ്ടും ജയയുമായി അകന്നു. ഈ സമയത്ത് ജയ എംജിആറിനയച്ച കത്തുകള്‍ ചോര്‍ന്നത് വിവാദത്തിനും വഴിവച്ചു. എന്നാല്‍ പിന്നീട് അവര്‍ അടുക്കുകയും ജയയെ പാര്‍ട്ടി സെക്രട്ടറി ആക്കുകയും ചെയ്തു.
1972 ലാണ് കരുണാനിധി നയിക്കുന്ന ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ് എംജിആര്‍ അണ്ണാ ഡിഎംകെ സ്ഥാപിക്കുന്നത്.
1982 മുതല്‍ എം.ജി.ആറിനൊപ്പം ജയലളിതയും രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങി. നന്നായി പ്രസംഗിക്കാന്‍ കഴിവുള്ള ജയലളിതയെ എംജിആര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ ചുമതല നല്‍കി. തമിഴും ഇംഗഌഷും നന്നായി വഴങ്ങുന്ന ജയലളിത പ്രവര്‍ത്തകരെ കൈയിലെടുത്തു. അവരുടെ പ്രസംഗങ്ങള്‍ കാതോര്‍ക്കാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ എത്തി.
ജയലളിതയുടെ കഴിവു കണ്ടറിഞ്ഞ എംജിആര്‍ പിന്നീട് അവരെ പാര്‍ട്ടി സെക്രട്ടറിയാക്കുകയും രാജ്യസഭാ അംഗമാക്കുകയും ചെയ്തു.
1987ല്‍ മരിക്കുന്നതുവരെയും എംജിആര്‍ തന്നെയായിരുന്നു അണ്ണാ ഡിഎംകെയുടെ നേതാവ്. എംജിആറിന്റെ മരണശേഷം ഭാര്യ ജാനകി രാമചന്ദ്രനെ മുന്‍നിര്‍ത്തി പാര്‍ട്ടിയിലെ ഒരു വിഭാഗം ജയയുടെ പ്രയാണം തടഞ്ഞു. രണ്ടായി പിരിഞ്ഞ പാര്‍ട്ടി ഒടുവില്‍ 'അമ്മ'യുടെ അരികത്തെത്തി. എന്നാല്‍ 1989 ലെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് നിരാശയായിരുന്നു ഫലം. ജയലളിതയ്ക്കും ജാനകിയ്ക്കും കൂടി ആകെ കിട്ടിയത് 29 സീറ്റുമാത്രമായിരുന്നു. എന്നാല്‍ അതില്‍ 27 ഉം നേടിയത് ജയലളിത വിഭാഗമായതിനാല്‍ തന്നെ ജാനകി പിന്നീട് പാര്‍ട്ടി നേതൃത്വത്തില്‍ താല്‍പര്യം കാണിച്ചില്ല. ഇതോടെ പാര്‍ട്ടി ജയയിലേക്ക് അടുത്തു. 89 മുതല്‍ 2016 വരേയും ജയലളിതയുടേതായിരുന്നു പാര്‍ട്ടി.
എല്ലാ അര്‍ഥത്തിലും എംജിആറിന്റെ പിന്‍ഗാമി ആകാന്‍ യോഗ്യത ജയലളിതയ്ക്കു തന്നെയായിരുന്നു. എംജിആറിന്റെ പത്‌നി ജാനകിക്കും അത് അറിയാമായിരുന്നു. എന്നാല്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് അവര്‍ അടിമപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് പിന്നീട് അവര്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍ അധികം താല്‍പര്യം കാണിക്കാതിരുന്നതും.
1987 ഡിസംബര്‍ 24 ആണ് എംജിആര്‍ മരിക്കുന്നത്. അന്നു തമിഴകം കരഞ്ഞു തളര്‍ന്നു. അതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഇന്നു തമിഴ്മക്കളുടെ ദുഖഭാരം.
എംജിആറിന്റെ മൃതദേഹത്തെ അനുഗമിക്കാന്‍ പോലും അവസരം നിഷേധിക്കപ്പെട്ട ജയലളിത പാര്‍ട്ടി ഒഫിസില്‍ കിടത്തിയ അദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ ദുഖത്തോടെ ഇരിക്കുന്ന ചിത്രം തമിഴ് ജനതയുടെ കണ്ണുകള്‍ നനച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."