നാഡ ദക്ഷിണേന്ത്യന്‍ കേന്ദ്രം കേരളത്തില്‍: പദ്ധതി സജീവ പരിഗണനയില്‍
തേഞ്ഞിപ്പലം: കായിക താരങ്ങള്‍ക്കിടയിലെ ഉത്തേജക മരുന്നടി തടയാന്‍ നാഷനല്‍ ആന്റി ഡോപിങ് ഡിറ്റക്റ്റിങ് ഏജന്‍സിയുടെ ഭക്ഷിണേന്ത്യന്‍ കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കാനുള്ള പദ്ധതി സജീവ പരിഗണനയില്‍. പത്തരക്കോടി ചെലവു വരുന്ന സംവിധാനം സ്ഥാപിക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായം തേടി.
സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ രൂപീകരിച്ച ഉപസമിതി അടുത്ത മാസം ഇതുസംബന്ധിച്ച് കേന്ദ്ര കായിക മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കും. കേന്ദ്ര ഗവ. സെക്രട്ടറി കേരളം സന്ദര്‍ശിച്ച വേളയില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ നാഡയുടെ ദക്ഷിണേന്ത്യന്‍ കേന്ദ്രം കേരളത്തിനു അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു.
ഇതുപ്രകാരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും കായിക അധ്യാപകരും അടങ്ങുന്ന ഉപ സമിതിയുണ്ടാക്കി റിപ്പോര്‍ട്ട് തയാറാക്കുന്നത് അടക്കമുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡംഗവും അഗ്രികള്‍ച്ചറല്‍ സര്‍വകലാശാലാ പ്രൊഫസറുമായ ഡോ. ടി.എ മനോജ്, കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. സുരേഷ്‌കുട്ടി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഡോ. സോണി ജോണ്‍, തൃശൂര്‍ കേരള വര്‍മ്മ കോളജിലെ ഡോ. ജി. വിപിന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉപ സമിതിയാണ് നാഡ കേന്ദ്രം കേരളത്തിനു ലഭ്യമാക്കുന്നതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പത്തരക്കോടി രൂപയോളം വില വരുന്ന ആന്റി ഡോപിങ് ഡിറ്റക്റ്റിങ് ലാബില്‍ 420 നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകളുടെ ഉപയോഗം കണ്ടെത്താനാകും.
ഈ സംവിധാനം രാജ്യത്തില്‍ നിലവില്‍ ഡല്‍ഹിയാല്‍ മാത്രമേയുള്ളൂ. അതിനാലാണ് ഭക്ഷിണേന്ത്യയ്ക്ക് മൊത്തമായി സംവിധാനം കേരളത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലേക്കു കൂടി വന്നാല്‍ കായിക മേഖലയിലെ ഉത്തേജക മരുന്നടിക്കെതിരേ വേഗത്തില്‍ പരിശോധിച്ചു നടപടിയെടുക്കാനാകും. എന്നാല്‍ സംവിധാനം ഡല്‍ഹിയില്‍ മാത്രമായതിനാല്‍ സംസ്ഥാന കായികോത്സവം അടക്കമുള്ള സുപ്രധാന മേളകള്‍ പോലും നാഡ അധികൃതരുടെ സാന്നിധ്യമില്ലാതെയാണ് നടക്കുന്നത്. ഡല്‍ഹി കേന്ദ്രത്തില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ഉത്തേജക മരുന്നടി പരിശോധനയ്ക്കു തടസമാകുന്നുണ്ട്. കേരളത്തില്‍ കേന്ദ്രം വന്നാല്‍ ഇതിന് ഒരു പരിധി വരെ മാറ്റമുണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
എ.കെ പാണ്ഡ്യ സ്‌പോര്‍ട്‌സ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തില്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കുമ്പോള്‍ അതിനോടു ചേര്‍ന്ന് സംവിധാനമൊരുക്കാനാണ് ഉദേശിക്കുന്നതെന്നു സംസ്ഥാന കായികോത്സവത്തില്‍ ചീഫ് ഫോട്ടോ ഫിനിഷ് ജഡ്ജായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡംഗം ഡോ. ടി.എ മനോജ് പറഞ്ഞു. കായിക താരങ്ങളുടെ മൂന്നു മില്ലി യൂറിന്‍ എ, ബി എന്ന കണക്കില്‍ പ്രത്യേക കുപ്പിയില്‍ ശേഖരിച്ച് ആന്റി ഡോപിങ് ഡിറ്റക്റ്റിങ് സംവിധാനത്തിലൂടെ നൈട്രജന്‍ ഉപയോഗിച്ച് വാതക രൂപത്തിലാക്കി തികച്ചും ശാസ്ത്രീയമായാണ് പരിശോധിക്കുക. ഇതുവഴി ഉത്തേജക മരുന്നടി കണ്ടെത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."