കുടുംബത്തിന്റെ സമ്മര്‍ദം: ന്യൂസിലന്റ് പ്രധാനമന്ത്രി രാജിവച്ചു
വെല്ലിങ്ടണ്‍: കുടുംബത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവയ്ക്കുകയാണെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജോണ്‍ കീ. എട്ടുവര്‍ഷമായി പ്രധാനമന്ത്രിപദത്തില്‍ തുടരുന്നയാളാണ് കീ. കുടുംബ കാരണമാണ് തീരുമാനത്തിനു പിന്നിലെന്ന് അദ്ദേഹം വിശദീകരിച്ചു. നാഷനല്‍ പാര്‍ട്ടിയുടെ നേതൃപദവിയും അദ്ദേഹം രാജിവച്ചിട്ടുണ്ട്.
രാഷ്ട്രീയം മതിയാക്കാന്‍ ഭാര്യ പറഞ്ഞതനുസരിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്കും മക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതിനാല്‍ രാജിവയ്ക്കണമെന്ന് ഭാര്യ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകന്‍ മാക്‌സ്, മകള്‍ സ്റ്റെഫി എന്നിവരാണ് കീയുടെ മക്കള്‍.
രാജി പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കീ വികാരനിര്‍ഭരനായി. തന്റെ ജീവിതത്തിലെ ഏറ്റവും ദൃഢമായ തീരുമാനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇനിയെന്ത് ചെയ്യുമെന്ന് ഒരുധാരണയുമില്ല. എന്നാല്‍ രാജിക്കു പിന്നില്‍ 32 കാരിയായ ഭാര്യ ബോര്‍ണാഗ് ആണെന്ന വാര്‍ത്ത പിന്നീട് കീ നിഷേധിച്ചു.
ന്യൂസിലന്റിന്‍ വന്‍ ജനസ്വാധീനമുള്ള നേതാവാണ് കീ. 2017 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം നാലാമതും മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് രാജി. ന്യൂസിലന്റിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം.
പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ ഈ മാസം 12 ന് നാഷനല്‍ പാര്‍ട്ടി കോക്കസ് ചേരും. അതുവരെ ഉപപ്രധാനമന്ത്രി ബില്‍ ഇംഗ്ലീഷ് ചുമതല ഏറ്റെടുക്കും. ജോണ്‍ കീ വീണ്ടും നേതൃത്വത്തിലേക്ക് തിരിച്ചുവരാന്‍ തയാറായാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് തീരുമാനം. 2001 ലാണ് നാഷനല്‍ പാര്‍ട്ടി നേതാവായി ജോണ്‍ കീയെ തെരഞ്ഞെടുത്തത്. 2002 ലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് അദ്ദേഹം രാജിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."