പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പ്രവര്‍ത്തനക്ഷമമാക്കും: റോജി എം. ജോണ്‍ എം.എല്‍.എ
അങ്കമാലി: കോടികള്‍ ചെലവഴിച്ച് കെട്ടിട നിര്‍മാണം കഴിഞ്ഞ് ഒരു വര്‍ഷത്തോളമായിട്ടും പ്രവര്‍ത്തിക്കാന്‍ കഴിയാതെ നോക്കുകുത്തിയായ അങ്കമാലി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്ന് പൊതുമരാത്ത് വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു.
കോടികള്‍ മുടക്കി പണിതീര്‍ത്ത കെട്ടിടത്തില്‍ യാതൊരുവിധ ഫര്‍ണീച്ചറോ കിച്ചന്‍ സാമഗ്രികളൊ ഇല്ലാത്തതാണ് പ്രവര്‍ത്തനം തുടങ്ങുന്നതിന് സാധിക്കാത്തത്. റോജി എം. ജോണ്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ഫര്‍ണീച്ചറും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് 80 ലക്ഷം രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി അസിസ്റ്റന്റ് എന്‍ജിനീയര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ എത്രയുംവേഗം നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരെ നേരില്‍കണ്ട് എം.എല്‍.എ നിവേദവനം നല്‍കിയപ്പോഴാണ് ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി എം.എല്‍.എയ്ക്ക് ഉറപ്പ് നല്‍കിയത്.
നാഷണല്‍ ഹൈവേയും എം.സി റോഡും സംഗമിക്കുന്ന കേരളത്തിന്റെ മധ്യഭാഗമായ അങ്കമാലിയെ നിരവധി ആളുകളാണ് ഇടത്താവളമാക്കുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം അതിരപ്പിളളി, വാഴച്ചാല്‍ തുടങ്ങിയ വിനോസഞ്ചാര മേഖലകളിലേയ്ക്കും കാലടി, മലയാറ്റൂര്‍ കാഞ്ഞൂര്‍, തിരുവൈരാണിക്കുളം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് എത്തുന്നവരും ഇട താവളമാക്കുന്നത് അങ്കമാലിയെയാണ്. ഇങ്ങനെയെത്തുന്ന ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കുവാനും സര്‍ക്കാരിന്റെയും സ്വകാര്യ മേഖലയുടെയും വിവിധങ്ങളായ കോണ്‍ഫ്രന്‍സുകള്‍ക്കും മറ്റുമുള്ള വേദിയായികൂടി അങ്കമാലി ഗസ്റ്റ് ഹൗസിനെ ഉപയോഗിക്കുവാന്‍ കഴിയും.ഈ പ്രാധാന്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങളോടെ ഒരു റെസ്റ്റ് ഹൗസ് വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് റസ്റ്റ് ഹൗസ് പണികഴിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."