ഡോറയും മിക്കിയുമെത്തി; സ്‌കൂള്‍ വിപണിയില്‍ നൂറു ശതമാനം പോളിങ്
മലപ്പുറം: ചൂടുള്ള തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ക്കും ആഹ്ലാദപ്രകടനങ്ങള്‍ക്കും ശമനമായതോടെ സ്‌കൂള്‍ വിപണയില്‍ നൂറുശതമാനം പോളിങ്. തെരഞ്ഞെടുപ്പു ചൂടില്‍ ചൂടറിയാതെ പോയ സ്‌കൂള്‍ വിപണിയാണ് പള്ളിക്കൂടം തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ചൂടുപിടിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ കാത്ത് പഠനോപകരണങ്ങള്‍ ആഴ്ചകള്‍ക്കു മുമ്പേ കടകളില്‍ സ്ഥാനം പിടിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ വേണ്ടത്ര ആളുകള്‍ വാങ്ങാനെത്തിയിരുന്നില്ല.
ഫല പ്രഖ്യാപനവും ആഹ്ലാദപ്രകടനവും ഏറെക്കുറെ കഴിഞ്ഞതോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെയും കൂട്ടി കടകളിലെത്തിയത്. ജില്ലയിലെ പ്രധാന നഗരങ്ങളായ മഞ്ചേരി, നിലമ്പൂര്‍, പരിന്തല്‍മണ്ണ, മലപ്പുറം, കോട്ടക്കല്‍, കൊണ്ടോട്ടി എന്നിവടിങ്ങളിലെല്ലാം രണ്ടുദിവസമായി പൊടിപൊടിച്ച കച്ചവടമായിരുന്നു.
കുടവേണം അല്ലെങ്കില്‍
മഴക്കോട്ട്
പല വര്‍ണങ്ങള്‍, പല വില, പല വലിപ്പത്തില്‍. കുടവാങ്ങാനെത്തുന്നവരെ ചാക്കിലാക്കാനുള്ള സര്‍വ വിദ്യയും കച്ചവടക്കാര്‍ക്കുണ്ട്. മുതിര്‍ന്നവരാണെങ്കില്‍ കറുത്ത കുടമതി. കുട്ടികള്‍ക്കിടയില്‍ വര്‍ണക്കുടകള്‍ മാത്രമേ ചെലവാകൂ. 150 നു മുകളിലാണ് കുടയുടെ വില. അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴയാണ് മന്ദഗതിയിലായിരുന്ന ജില്ലയിലെ കുട വിപണി സജീവമാക്കിയത്.
വിവിധ നിറത്തിലുള്ള മഴക്കോട്ടുകളും വിപണിയില്‍ ഉണ്ട്. മിക്കി മൗസ്, സ്‌പൈഡര്‍മാന്‍ പോലുള്ള കാര്‍ട്ടൂണുകള്‍ നിറഞ്ഞ മഴക്കോട്ടുകളാണ് കുട്ടികള്‍ അധികം ചോദിക്കുന്നതെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഡോറയുണ്ടോ,
ബാഗുവാങ്ങാം..
ത്രീഡി ചിത്രങ്ങളുള്ള ബാഗുകള്‍ക്കാണ് സ്‌കൂള്‍ വിപണയില്‍ ഏറെ പ്രിയം. ഇഷ്ട കഥാപാത്രങ്ങളായ ഡോറയും മിക്കിയും ഉണ്ടെങ്കിലേ കുട്ടിപ്പഠിതാക്കള്‍ ബാഗ് വാങ്ങൂ. കഴിഞ്ഞ വര്‍ഷം വാങ്ങിയ ബാഗ് കേട് കൂടാതെ വീട്ടിലിരിപ്പുണ്ടെങ്കിലും ഇഷ്ടകഥാപാത്രങ്ങളുള്ള ബാഗില്ലാതെ ക്ലാസില്‍ പോവില്ലെന്നാണ് പഠിതാക്കളുടെ വാശി. പ്രമുഖ കമ്പനികളുടെ ബാഗുകള്‍ക്കൊല്ലാം അഞ്ഞൂറിനു മുകളിലാണ് വിലയെങ്കിലും പ്രമുഖ കമ്പനികളെ വെല്ലുന്ന തരത്തില്‍ ഡ്യൂപ്ലിക്കേറ്റ് ബാഗുകളും വിപണയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുണ്ട്.
യൂണിഫോം
റെഡിമെയ്ഡാവാം
യൂണിഫോമിന് തുണിയെടുത്ത് തയ്പ്പിച്ചെടുക്കാനാണ് ഇഷ്ടമെങ്കിലും സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ റെഡിമെയ്ഡ് കടകളിലേക്കാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഓട്ടം. തുന്നല്‍കടകളിലെല്ലാം തിരക്കായതിനാലാണിത്.
ബഡ്ജറ്റ് പരിധി വിടുമോ
പാഠപുസ്തകങ്ങള്‍ പലര്‍ക്കും സ്‌കൂള്‍ തുറക്കും മുമ്പേ കൈയിലെത്തിയിട്ടുണ്ട്. കിട്ടാത്തവര്‍ സ്‌കൂള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്. ചെറിയ ക്ലാസിലുള്ളവര്‍ക്ക് പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കും.എന്നാല്‍ പാഠ്യവിഷയങ്ങളുടെ എണ്ണമനുസരിച്ച് നോട്ട്ബുക്ക് വേണം. ചെരുപ്പും ഷൂവും എന്നുവേണ്ട, വാട്ടര്‍ ബോട്ടിലും ടിഫിന്‍ബോക്‌സും എല്ലാമാകുമ്പോള്‍ സ്‌കൂള്‍ ബഡ്ജറ്റ് പരിധി കടക്കുമെന്ന പേടിയിലാണ് രക്ഷിതാക്കള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വരെ ഇരട്ടിയാണ് സ്‌കൂള്‍ വിപണിയിലെ ഈ വര്‍ഷത്തെ വില വര്‍ധന. ഈ വില വര്‍ധന സാധാരണക്കാരായ ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."