ജില്ലയുടെ വടക്കന്‍ മേഖലകളില്‍ കഞ്ചാവ് വില്പന വ്യാപകം
പൂച്ചാക്കല്‍: ജില്ലയുടെ വടക്കന്‍ മേഖലകളില്‍ സ്കൂള്‍,കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന തകൃതി. അരൂര്‍,തുറവൂര്‍, പാണാവള്ളി, അരുക്കൂറ്റി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് കഞ്ചാവ്, ലഹരി സംഘങ്ങള്‍ പിടിമുറുക്കുന്നത്.
വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചാണ് കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനം. കഞ്ചാവ് വില്പനയില് വിദ്യാര്ഥികളുള്പ്പെടുന്നതിനാല് പൊലിസും നടപടിയെടുക്കാന്‍ മടികാണിക്കുന്നു. പാണാവള്ളി പഞ്ചായത്തിന്റെ കാരാളപ്പതി, നാല്‍പ്പത്തെണ്ണീശ്വരം, മുട്ടത്തുകടവ്, ആഞ്ഞിലിത്തോട്, തൃച്ചാറ്റുകുളം, പെരുമ്പളം കവല മേഖലകളുംഅരൂക്കുറ്റി പഞ്ചായത്തിന്റെ കുടപുറം വടുതല, കൊമ്പനാമുറി, പുതിയപാലം, മാത്താനം, അരുക്കൂറ്റി തുടങ്ങിയ പ്രദേശങ്ങളിലുമാണ് കച്ചവടം പൊടിപൊടിക്കുന്നത്.
രണ്ട് മാസം മുന്‍പ് പാണാവള്ളി മുട്ടത്തുകടവില്‍ കഞ്ചാവുമായി എത്തിയ നാല്‍പ്പത്തെണ്ണീശ്വരം സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവു വില്‍പ്പനയുമായി ബന്ധമുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. പൊലീസ് തുടരന്വേഷണം നടത്തിയില്ല. കലാലയങ്ങളിലെ പരിസരത്തെ ഇടവഴികളില്‍ ഇരുചക്ര വാഹനത്തിലെത്തിയാണ് ചെറിയ പൊതികളാക്കി വില്പന നടത്തുന്നത്.
പരിചയമില്ലാത്തവരെ നാട്ടുകാര്‍ ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്തലാണ് പതിവ്. വൈകുന്നേരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം നടത്തുന്നതിന് സ്കൂള്‍ പരിസരത്തെ പ്രധാന ബസ്റ്റോപ്പുകളിലും ഈക്കൂട്ടര്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
കഞ്ചാവിന് പുറമെ ഇവരില്‍ സ്റിഞ്ച് വഴി ഉപയോഗിക്കുന്ന മയക്ക് മരുന്നും കാണപ്പെടുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ മയക്ക് മരുന്ന് ഉപയോഗിക്കാനുള്ള സുരക്ഷിതമായി കാണുന്ന കായലോര പ്രദേശങ്ങളാണ് കൂടുതലും. തീരത്തിന് സമീപമുള്ള കുറ്റിക്കാകളില് സ്റിഞ്ചും, മയക്ക് മരുന്ന് കുപ്പിയും ധാരാളമായി കാണപ്പെടുന്നു. പൊലീസ് പിടികൂടുന്ന കഞ്ചാവ് സംഘങ്ങളെ സംരക്ഷിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നതാണ് പൊലിസിനെയും കുഴപ്പിക്കുന്നത്. പൊലിസ് പട്രോളിംഗ് ശക്തമാക്കണമെന്നും പിടികൂടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."