കാറിലെത്തിയ സ്ത്രീകളെയും കുട്ടികളെയും അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി അക്രമിച്ചതായി പരാതി
കായംകുളം: കാറിലെത്തിയ സ്ത്രീകളെ അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി അക്രമിച്ചതായി പരാതി. ചിറക്കടവം തുണ്ടില്‍ മിനിമീനാക്ഷി (38), സഹോദരി അജിത(25) ഇവരുടെ നാല് കുട്ടികള്‍ എന്നിവരാണ് അക്രമത്തിന് ഇരയായത്. പരുക്കേറ്റ ഇവരെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 2.30 ഓടെ പത്തിയൂര്‍ കുറ്റിക്കുളങ്ങരയിലായിരുന്നു സംഭവം. കുടുംബ ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം അസഭ്യം പറഞ്ഞു.
കാര്യം തിരക്കിയ മിനി മീനാക്ഷിയെ സംഘം ദേഹോപദ്രവം ഏല്‍പ്പിക്കുകയും തടസം പിടിക്കാനെത്തിയ ആര്യയേയും കൂടെയുണ്ടായിരുന്ന നാല് കുട്ടികളേയും മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെയാണ് സംഘം കാറിനുമുന്നില്നിന്ന് മാറിയത്. പിന്നീട് താലൂക്കാശുപത്രിയിലെത്തിയ ശേഷം ഇവര്‍ ഡിവൈ.എസ്.പിക്ക് പരാതിനല്‍കി.
പത്തിയൂര്‍, കുറ്റിക്കുളങ്ങര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്,വ്യാജ വിദേശമദ്യം എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ തഴച്ചുവളരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടങ്ങളില്‍ എത്തുന്ന ചെറുപ്പക്കാര്‍ നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുന്നതായും പരാതിപ്പെടാന്‍ തുനിയുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മദ്യപിച്ച് കുറ്റിക്കുളങ്ങര ജങ്ഷനു സമീപമുള്ള കലുങ്കിലിരുന്ന് ഇതുവഴി വരുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് സ്ഥിരം സംഭവമാണ്.
എന്നാല്‍ ഈ കേന്ദ്രങ്ങള്‍ കൃത്യമായി പപൊലിസിനും എക്സൈസിനും അിറയാമെങ്കിലും ഇതിനെതിരേ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."