മലയോര ഹൈവേ നിര്‍മാണം: മഞ്ഞപ്പുല്ലില്‍ വൈദ്യുതി തൂണുകള്‍ ഗതാഗതതടസം സൃഷ്ടിക്കുന്നു
ചെറുപുഴ: മലയോര ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന മഞ്ഞക്കാട് ഭാഗത്തു വൈദ്യുതി തൂണുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകുന്നു. ഇതോടൊപ്പം ഈ തൂണുകള്‍ അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. റോഡിന്റെ നടുഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്ന നിരവധി വൈദ്യുതി തൂണുകളാണ് ഈ ഭാഗത്തുള്ളത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ ആലക്കോട് മഞ്ഞക്കാട് റോഡില്‍ വൈദ്യുതി തൂണില്‍ കെ.എസ്.ആര്‍.ടി.സി ബസുരഞ്ഞതു കാരണം ഗതാഗത തടസമുണ്ടായി.
റോഡിന്റെ കയറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗത്തെ മണ്ണു മാറ്റിയതിനാല്‍ ഒരു വശത്തുകൂടി മാത്രമാണു വാഹനങ്ങള്‍ കടന്നു പോകുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മഴ പെയ്യുക കൂടി ചെയ്തപ്പോള്‍ റോഡില്‍ ചെളി നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുവാന്‍ ഏറെ ബുദ്ധിമുട്ടി. ഇതിനിടയിലാണ് ആലക്കോട് ഭാഗത്തു നിന്നു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കയറ്റം കയറി വരുന്നതിനിടയില്‍ ചെളിയില്‍ നിരങ്ങി നീങ്ങി വൈദ്യുതി തൂണില്‍ ഉരഞ്ഞത്. മുന്നോട്ടോ പിന്നോട്ടോ എടുക്കാന്‍ പറ്റാത്ത രീതിയില്‍ ബസ് നിന്നതിനാല്‍ മണിക്കൂറുകളോളമാണു ഗതാഗതം തടസപ്പെട്ടത്.
ചുവട്ടിലെ മണ്ണു നീക്കിയതിനാല്‍ ഏതു നിമിഷവും തൂണ്‍ മറിഞ്ഞു വീഴാവുന്ന അവസ്ഥയിലുമാണ്. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നാട്ടുകാര്‍ ബസ് തള്ളി മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."