എരുമേലി വിമാനത്താവളം: മലക്കംമറിഞ്ഞ് ബി.ജെ.പി സംസ്ഥാന നേതൃത്വം
തിരുവനന്തപുരം: എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ പദ്ധതിയില്‍ കോടികളുടെ അഴിമതി ആരോപിച്ച ബി.ജെ.പി നിലപാടില്‍നിന്ന് മലക്കം മറിഞ്ഞു. ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ വിമാനത്താവളം നിര്‍മിക്കണമെന്നതാണ് പുതിയ നിലപാട്. കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് കൈവശം വച്ചിരിക്കുന്ന എരുമേലിയിലെ ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ചു കെ.പി യോഹന്നാനുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരും വിമാനത്താവള പദ്ധതിക്ക് അനുകൂലമായാണ് പ്രതികരിച്ചത്. ഇതിനിടെയാണ് പദ്ധതിയില്‍ 2500കോടിയുടെ അഴിമതി ആരോപിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. എരുമേലി വിമാനത്താവള പദ്ധതിയിലൂടെ വന്‍തീവെട്ടിക്കൊള്ളയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നായിരുന്നു ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്റെ ആരോപണം. രണ്ടായിരം ഏക്കര്‍ വരുന്ന പാട്ട ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നുവെന്ന ആരോപണത്തില്‍ യോഹന്നാന്റെ പേരില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഭൂമിയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ യോഹന്നാന് ഓഹരി പങ്കാളിത്തം നല്‍കുന്നതിലൂടെ ഏക്കര്‍ കണക്കിനു തോട്ടഭൂമി സ്വാകാര്യഉടമകള്‍ക്ക് തീറെഴുതാനുള്ള ഗൂഢശ്രമമാണ് സി.പി.എമ്മും സര്‍ക്കാരും നടപ്പിലാക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റില്‍ തന്നെ വിമാനത്താവളം നിര്‍മിക്കണമെന്നു നിലപാട് തിരുത്തിയാണ് മുരളീധരന്‍ ഇപ്പോള്‍ രംഗത്തെത്തിയത്. എരുമേലി വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനല്‍കേണ്ടെന്നു ബിലീവേഴ്‌സ് ചര്‍ച്ച് കൗണ്‍സില്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് മുരളീധരന്‍ അഭിപ്രായം മാറ്റിയത്. ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം പണിയുന്നതിന് കെ.പി.യോഹന്നാന്റെ അനുവാദം സംസ്ഥാന സര്‍ക്കാരിന് ആവശ്യമില്ല. സര്‍ക്കാരിന്റെ തന്നെ ഭൂമി സ്വകാര്യ വ്യക്തിയില്‍നിന്നും വിലക്കു വാങ്ങി, ആ വ്യക്തിക്ക് പങ്കാളിത്തവും നല്‍കി വിമാനത്താവളം കൊണ്ടുവരുന്നതിനെയാണ് എതിര്‍ത്തതെന്നും മുരളീധരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ ഇടപാടിലൂടെയാണ് ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങിയതെന്ന കോടതി വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച സ്‌പെഷല്‍ ഓഫിസര്‍ എം.ജി.രാജമാണിക്യം എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2200 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ വാങ്ങി വിമാനത്താവളം സ്ഥാപിക്കുമ്പോള്‍ ഇത്തരത്തില്‍ സംസ്ഥാനത്താകെ വിവിധ കമ്പനികളും ആളുകളും കൈയേറിവച്ചിരിക്കുന്ന അഞ്ചുലക്ഷത്തോളം എക്കര്‍ ഭൂമി കൈവശക്കാര്‍ക്ക് സ്വന്തമാണെന്ന സ്ഥിതിവരും. ഈ സര്‍ക്കാര്‍ ഭൂമിയെല്ലാം നഷ്ടപ്പെടുന്നതിലേക്കു നയിക്കുന്നതും കോടികളുടെ അഴിമതിക്കു കളമൊരുങ്ങുന്നതുമായ ഇടപാടിനെയാണ് താന്‍ എതിര്‍ത്തതെന്നും മുരളീധരന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."