വീട്ടുകാരിയുടെ ചെറുത്തുനില്‍പ്പ്; യുവാവിന്റെ കവര്‍ച്ചാശ്രമം പരാജയപ്പെട്ടു
നാദാപുരം: കവര്‍ച്ചയ്‌ക്കെത്തിയ യുവാവുമായി വീട്ടുകാരി നടത്തിയ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ദൗത്യം പാളി. സംഭവത്തില്‍ യുവതിയും കുഞ്ഞുങ്ങളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് കുമ്മങ്കോട്ടെ തീര്‍ച്ചിലോത്ത് സുബൈറിന്റെ വീട്ടില്‍ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ച് മോഷ്ടാവ് അകത്തുകടന്നത്. ഈ സമയത്ത് സുബൈറിന്റെ ഭാര്യ ആയിഷയും രണ്ടു ചെറിയമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആയിഷയുടെ കാലിലെ രണ്ടുപവന്‍ വരുന്ന സ്വര്‍ണ പാദസരം ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ മോഷ്ടാവിന്റെ സാന്നിധ്യമറിയുന്നത്. ഉടന്‍ ഒച്ചവച്ച യുവതിക്ക് നേരെ യുവാവ് തിരിയുകയായിരുന്നു.
അക്രമിക്കാന്‍ തുനിഞ്ഞ മോഷ്ടാവും യുവതിയും തമ്മില്‍ മല്‍പ്പിടിത്തമായി. ഇതിനിടയില്‍ ഞെട്ടിയുണര്‍ന്ന നാലുവയസുകാരിയായ മകള്‍ നൂറ ഉറക്കെ കരയാന്‍ തുടങ്ങിയതോടെ മോഷ്ടാവ് കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. കുഞ്ഞിനെ രക്ഷിക്കാന്‍ മോഷ്ടാവിന്റെ ശരീരത്തില്‍ യുവതി ശക്തമായി കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സാരമായി മുറിവേറ്റതോടെ ഇയാള്‍ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി. ഈ സമയത്ത് വാതില്‍ അകത്തുനിന്ന് പൂട്ടിയതോടെയാണ് യുവതിയും കുഞ്ഞും രക്ഷപ്പെട്ടത്. മുറിയിലെ തലയിണ മുഴുവന്‍ രക്തം പുരണ്ട നിലയിലാണ്. വീടിന്റെ മറ്റു ഭാഗങ്ങളിലും രക്തത്തുള്ളികള്‍ ഉറ്റിവീണ പാടുണ്ട്. ഇവ പൊലിസിന് കേസ് അന്വേഷണത്തിനു വിലപ്പെട്ട തെളിവായിട്ടുണ്ട്.
യുവതി വിദേശത്തുള്ള ഭര്‍ത്താവിനെ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികളും നാട്ടുകാരും സംഭവമറിയുന്നത്. തുടര്‍ന്നു വീട്ടിലെത്തിയ നാട്ടുകാര്‍ ചേര്‍ന്നു പരിസരമാകെ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഇയാള്‍ ഉപയോഗിച്ചതായി കരുതുന്ന കൊടുവാളിന്റെ ഭാഗവും കരിങ്കല്‍ കഷ്ണവും ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചു. വിരലയാള വിദഗ്ധരുടെ നേതൃത്വത്തില്‍ വീട്ടിനുള്ളില്‍ പരിശോധന നടത്തി. ഉച്ചയോടെ കോഴിക്കോട്‌നിന്ന് ഡോഗ് സ്‌ക്വാഡും എത്തി. വീടിന്റെ പിന്‍ഭാഗത്തു നിന്ന് മണം പിടിച്ചോടിയ നായ ഏകദേശം 400 മീറ്റര്‍ അകലെ വില്യാപ്പള്ളി റോഡ് വരെ പോയി തിരിച്ചുവന്നു. ഇവിടെ നിന്ന് പ്രതി വാഹനത്തില്‍ രക്ഷപ്പെട്ടതായാണ് സൂചന. രണ്ടുദിവസമായി ആള്‍ താമസമില്ലാത്ത ഇവിടെ സംഭവദിവസം വൈകിട്ടാണ് വീട്ടുകാര്‍ തിരിച്ചെത്തിയത്. വീടിന് പിന്‍ഭാഗത്തെ ഇരുമ്പ് ഗ്രില്ലും വാതിലും ആയുധം ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. നാദാപുരം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ, അഹ്മദ് പുന്നക്കല്‍, കെ.എം സമീര്‍ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."