മുന്‍ഗണനാ ലിസ്റ്റില്‍ അപാകമെന്നു ആക്ഷേപം: റേഷന്‍ കടകള്‍ക്ക് മുന്നില്‍ ജനകീയ പ്രതിഷേധം ശക്തിപ്പെടുന്നു
ചെറുവത്തൂര്‍: റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയതില്‍ അപാകതയുണ്ടെന്ന ആക്ഷേപവുമായി റേഷന്‍കടകള്‍ക്ക് മുന്നില്‍ ജനകീയപ്രതിഷേധം ശക്തിപ്പെടുന്നു. ചെറുവത്തൂര്‍ കൊവ്വല്‍, കാരി എന്നിവിടങ്ങളില്‍ ജനങ്ങള്‍ റേഷന്‍ കടകള്‍ ഉപരോധിച്ചു. രാഷ്ട്രീയ സംഘടനകളുടെയൊന്നും നേതൃത്വത്തിലല്ലാതെ പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊവ്വലിലെ 207, കാരിയിലെ 101 നമ്പര്‍ റേഷന്‍ കടകള്‍ക്ക് മുന്നിലായിരുന്നു പ്രതിഷേധം. നിലവില്‍ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ നേരത്തെ ബി.പി.എല്‍ ലിസ്റ്റില്‍ ഉണ്ടാവുകയും ഇപ്പോള്‍ ഒഴിവാക്കപ്പെടുകയും ചെയ്തവരാണ് സമരത്തിനു നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സമ്പന്നരും മുന്‍ഗണന ലിസ്റ്റില്‍ അര്‍ഹത നേടിയപ്പോള്‍ നിര്‍ധനരായ തങ്ങളെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ചന്തേരയില്‍ നിന്നും പൊലിസ് എത്തിയാണ് രണ്ടിടങ്ങളിലും പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഇതിനിടയില്‍ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അത് കലക്ടറെ അറിയിക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് ശരിയല്ലെന്നാണ് കടയുടെ നടത്തിപ്പുകാര്‍ പറയുന്നത്. അടുത്തദിവസങ്ങളിലും പ്രതിഷേധിക്കാനാണ് സമരവുമായി രംഗത്തിറങ്ങിയവരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."