അപകടം പതിയിരിക്കുന്ന മൂലപ്പള്ളി റെയില്‍പാളം
നീലേശ്വരം: ഒരു നിമിഷത്തെ അശ്രദ്ധ, അതുമതി മൂലപ്പള്ളിയില്‍ ജീവന്‍ പൊലിയാന്‍. നിരവധി ജീവനുകള്‍ പൊലിഞ്ഞതിന്റെ ഓര്‍മകള്‍ മൂലപ്പള്ളിക്കാരെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇവിടെയുള്ള റെയില്‍പാളമാണ് ഈ അപകടക്കെണിയുമായി പതിയിരിക്കുന്നത്.
ഇരുഭാഗങ്ങളിലുമുള്ള റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഇവിടെ മേല്‍പ്പാലം പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മൂലപ്പള്ളി എ.എല്‍.പി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് ഈ ക്രോസിങ്ങിനടുത്താണ്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും രക്ഷിതാക്കള്‍ കുട്ടികളെ കൈപിടിച്ച് പാളം കടത്തിവിടുകയാണ് പതിവ്. മൂലപ്പള്ളി വളവില്‍ പാളത്തിനിരുവശത്തുമുള്ള കാടും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മഴക്കാലത്ത് വണ്ടി വരുന്ന ശബ്ദം കേള്‍ക്കാത്തതുമൂലം വളവില്‍ പാളത്തിനിരുവശത്തു കൂടെ പോകുന്നവരും അപകടത്തില്‍ പെടാറുണ്ട്. ഇതിനകം തന്നെ ഇവിടെ ഇരുപതിലധികം ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ വെളിച്ചമില്ലാത്തതും അപകട സാധ്യതയേറ്റുന്നു.ഇവിടെ മേല്‍പ്പാലം വന്നാല്‍ ജനങ്ങള്‍ക്ക് നീലേശ്വരം നഗരം ചുറ്റാതെ ദേശീയപാതയിലെത്താനുള്ള സാഹചര്യമൊരുങ്ങും. നമ്പ്യാര്‍ക്കാല്‍ റോഡുപാലത്തിന്റെ ഉദ്ഘാടനം കൂടി കഴിയുന്നതോടെ ഈ സാധ്യത വര്‍ധിക്കും. എന്നാല്‍ ജനങ്ങളുടെ മുറവിളി കേള്‍ക്കാന്‍ ഇതുവരെയായും ജനപ്രതിനിധികളാരും തന്നെ തയാറായിട്ടില്ല. ഓരോ അപകടവും വരുമ്പോള്‍ അനുശോചനവുമായെത്തുന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും എന്നാണ് തങ്ങളുടെ ആവശ്യത്തിനു നേരെ കണ്ണുതുറക്കുക എന്നറിയാതെ കഴിയുകയാണ് മൂലപ്പള്ളിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."