ഉദാരമതികളുടെ സഹായം കാത്ത് വേദനയോടെ നാരായണിയും മകളും
രാജപുരം: ആണ്‍ തുണയില്ലാതെ ജീവിക്കുന്ന കാന്‍സര്‍ ബാധിതരായ അമ്മയുടെയും മകളുടെയും ദുരിതം നിറഞ്ഞ ജീവിതം കാഴ്ചക്കാര്‍ക്ക് നൊമ്പരമാവുകയാണ്. കോടോം ബേളൂര്‍ പഞ്ചായത്തിലെ നായ്ക്കയം കട്ടീരവളപ്പിലെ നാരായണി (64), മകള്‍ അനിത (39) എന്നിവരാണ് ഗര്‍ഭപാത്രത്തില്‍ ബാധിച്ച കാന്‍സര്‍ രോഗത്തിന്റെ വേദനയുമായി ജീവിക്കുന്നത്.
ദുരിതത്തിനിടയില്‍ ഇവര്‍ക്കു ഏക തുണയായുള്ളത് മാനസികവൈകല്യമുള്ള അനിതയുടെ മകള്‍ പ്രസീത(14) മാത്രമാണ്. അഞ്ചു മാസം മുന്‍പാണ് നാരായണിക്ക് കാന്‍സര്‍ രോഗമാണെന്നു തിരിച്ചറിയുന്നത്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന നാരായണിക്കു ഇതോടെ അതിനും പോകാന്‍ കഴിയാതെയായി.
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍, കീമോതെറാപ്പി ചികിത്സ തേടിയ ഇവര്‍ക്കു ചികിത്സക്കായി ഇതിനകം വന്‍ തുക ചെലവായി. ഓപ്പറേഷന്‍ കഴിഞ്ഞു വീട്ടിലെത്തി ചികിത്സ തുടരുന്നതിനിടെയാണ് മകള്‍ അനിതയ്ക്കും ഇതേ അസുഖമാണെന്നറിയുന്നത്. അതോടെ കടം വാങ്ങിയും സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യയില്‍ നിന്നു ലഭിച്ച തുക ഉപയോഗിച്ചുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. മകള്‍ അനിതക്കും രണ്ടുമാസം മുന്‍പ് ഓപ്പറേഷന്‍ നടത്തിയെങ്കിലും രോഗം പൂര്‍ണമായും ഭേദമായിട്ടില്ല. ഭര്‍ത്താവ് നേരത്തേ മരിച്ച നാരായണിയമ്മയോടപ്പമാണ് ഭര്‍ത്താവ് ഉപേക്ഷിച്ച മകള്‍ അനിതയുടെയും താമസം. ഇരുപതുസെന്റ് ഭൂമിയിലെ കൊച്ചുവീട്ടില്‍ കഴിയുന്ന ഈ കുടുംബം എന്തു ചെയ്യണമെന്നറിയാതെ കാത്തിരിക്കുകയാണ് ഉദാരമതികളുടെ സഹായത്തിനായ്. അനിതയുടെ ഫോണ്‍: 8086947021.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."