ആഘോഷങ്ങള്‍ക്ക് നിറം മങ്ങി; വിപണിയില്‍ മാന്ദ്യം
കൊച്ചി:നോട്ട് പിന്‍വലിക്കലിനെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ആഘോഷങ്ങളെയും ബാധിച്ചു. സാധാരണഗതിയില്‍ നവംബര്‍ അവസാനമാകുന്നതോടെ ഉത്തരേന്ത്യക്കാരുടെ ഒഴുക്കാണ്് കേരളത്തിലേക്ക്. വിവിധ ഗ്രൗണ്ടുകളും മുന്തിയ ഹോട്ടലുകളും മൈതാനങ്ങളും കേന്ദ്രീകരിച്ച് മേളകള്‍ സംഘടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
വേദികള്‍ കിട്ടാതെ മുന്‍വര്‍ഷങ്ങളില്‍ ഇവര്‍ തിരികെ പോയിട്ടുമുണ്ട്. എന്നാല്‍ ഇത്തവണ പേരിന് മാത്രമാണ് മേളകള്‍ നടക്കുന്നത്. ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന മേളകള്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ഒരാഴ്ചക്കകം പൂട്ടിക്കെട്ടി മടങ്ങുകയാണ്.വിവിധ തുണിത്തരങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, പുതപ്പുകള്‍ തുടങ്ങി അതത് സംസ്ഥാനങ്ങളിലെ ഉല്‍പ്പന്നങ്ങളുമായാണ് ഇവര്‍ കേരളത്തിലേക്ക് എത്തുന്നത്.
ലക്ഷങ്ങളുടെ കച്ചവടം നടത്തി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ചേക്കേറുന്ന 'മേളകള്‍' ക്രിസ്മസ് അവധി ദിനങ്ങളിലായിരുന്നതിനാല്‍ ഒരു ഉത്സവച്ഛായ പകര്‍ന്നിരുന്നു. എന്നാല്‍ ക്രിസ്മസ് പോലും ആഘോഷിക്കാന്‍ ഇപ്പോള്‍ പെടാപാടുപെടുകയാണ് നാടും നഗരവും.
നക്ഷത്രം, കേക്ക്, ക്രിസ്മസ് ട്രീ തുടങ്ങി ആഘോഷവുമായി ബന്ധപ്പെട്ട് നിര്‍മിക്കപ്പെടുന്നവയ്‌ക്കെല്ലാം ഓര്‍ഡര്‍ പകുതിപോലും ഇല്ല. 25 വര്‍ഷമായി നക്ഷത്രങ്ങള്‍ നിര്‍മിച്ച് വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന എറണാകുളം സ്വദേശി ജോണ്‍സനെ ആശ്രയിച്ചുകഴിയുന്ന 25 ഓളം കുടുംബങ്ങളും പട്ടിണിയിലാകുമോ എന്ന ആശങ്കയിലാണ്.
അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കച്ചവടങ്ങളാണ് ഇപ്രകാരം നടക്കുന്നത്. മൂന്നു മുതല്‍ 125 രൂപവരെ നിരക്കിലാണ് നക്ഷത്രങ്ങള്‍ നല്‍കാറുള്ളത്.
ഇത് കച്ചവടക്കാര്‍ 300 രൂപ വരെ നിരക്കില്‍ വില്‍ക്കും. പുതുപുത്തന്‍ രീതിയില്‍ നിര്‍മിക്കുന്നവയ്ക്ക് കച്ചവടക്കാരാണ് പേരുകള്‍ നല്‍കുന്നത്. കേക്ക് വിപണിയും കനത്ത പ്രതിസന്ധി നേരിടുകയാണ്.
ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നിരുന്ന ബുക്കിങ് ഇവിടെയും നടന്നിട്ടില്ല. സംസ്ഥാനമൊട്ടാകെ കൊണ്ടാടുന്ന സര്‍ക്കാരിന്റെ ഷോപ്പിങ് മാമാങ്കമായ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."