സി.ബി.ഐ മേധാവിയുടെ നിയമനത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: കീഴ്‌വഴക്കം മറികടന്ന് നരേന്ദ്രമോദിയുടെ അടുപ്പക്കാരന്‍ രാകേഷ് അസ്താനയെ സി.ബി.ഐ ഡയറക്ടറായി നിയമിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സുപ്രിംകോടതിയില്‍ ഹരജി. രാകേഷിന്റെ നിയമനം റദ്ദാക്കി സി.ബി.ഐ തലപ്പത്ത് സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടനയായ കോമണ്‍ കോസ് ആണ് സുപ്രിംകോടതിയെ സമീപിച്ചത്. വിനീത് നാരായണ്‍ കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചുള്ള ചട്ടപ്രകാരമായിരിക്കണം സി.ബി.ഐ ഡയറക്ടറെ നിയമിക്കേണ്ടതെന്നു ഹരജിയില്‍ ഭൂഷണ്‍ ചൂണ്ടിക്കാട്ടി. 1946ലെ ഡല്‍ഹി സ്‌പെഷ്യല്‍ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ (ഡി.എസ്.പി.എ) 4എ പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. ചീഫ്ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന മൂന്നംഗസമിതിയാണ് സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ഡി.എസ്.പി.എ 4എ യിലും 2013ലെ ലോക്പാല്‍ ആന്‍ഡ് ലോകായുക്ത ആക്ടിലും പറയുന്നത്.
അംഗീകൃത പ്രതിപക്ഷനേതാവ് ഇല്ലെങ്കില്‍ പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് ആണ് സമിതിയില്‍ ഉണ്ടാവേണ്ടത്. എന്നാല്‍ ഈ സമിതി ചേരാതെയാണ് അനില്‍കുമാര്‍ സിന്‍ഹയുടെ കാലാവധി കഴിഞ്ഞതോടെ രാകേഷിനെ താല്‍ക്കാലികമായി നിയമിച്ചതെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.
ഈ മാസം രണ്ടിനാണ് അനില്‍ സിന്‍ഹയുടെ കാലാവധി പൂര്‍ത്തിയായത്. സ്വാഭാവികമായും അതിനു മുമ്പ് തന്നെ മൂന്നംഗസമിതി യോഗം ചേര്‍ന്നു പുതിയ സി.ബി.ഐ മേധാവിയെ കണ്ടെത്തേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല.
കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പു സമിതി യോഗം പോലും വിളിച്ചുചേര്‍ത്തിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. ചീഫ്ജസ്റ്റിസ് സ്ഥാനത്തു നിന്ന് ടി.എസ് താക്കൂര്‍ അടുത്തമാസം മൂന്നിനു വിരമിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."