ക്രോസ്ബാറുകള്‍ ഒടിഞ്ഞു തൂങ്ങി; ജെസന് റെക്കോര്‍ഡ് നഷ്ടം
തേഞ്ഞിപ്പലം: ക്രോസ്ബാറുകളെല്ലാം ഒടിഞ്ഞു തൂങ്ങി പകരം വെയ്ക്കാന്‍ ഇല്ലാതെ മത്സരം തടസപ്പെട്ടതോടെ ജെസന്റെ റെക്കോര്‍ഡ് ചാട്ടം പിഴച്ചു. റെക്കോഡ് സ്വര്‍ണ നേട്ടവുമായി സ്‌കൂള്‍ കായികോത്സവത്തിനു സലാം ചൊല്ലാനെത്തിയ ജെസനാണ് സംഘാടകരുടെ പിഴവില്‍ ആഗ്രഹം സഫലമാവാതെ പോയത്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ടില്‍ കല്ലടി എച്ച്.എസിലെ കെ.ജി ജെസനാണ് സ്വര്‍ണം നേടിയെങ്കിലും കണ്ണീരുമായി കളം വിടേണ്ടി വന്നത്. 4.20 മീറ്റര്‍ ഉയരത്തിലാണ് സ്വര്‍ണത്തിനും വെള്ളിക്കും വേണ്ടിയുള്ള മത്സരം തുടങ്ങിയത്. സെന്റ് ജോര്‍ജ് കോതമംഗലത്തിന്റെ എസ് അശ്വിനും തമ്മിലായിരുന്ന പോരാട്ടം. ഇതിനിടെ കല്ലടിയുടെ കെ.ടി വിഷ്ണു വെങ്കല മെഡലുമായി പോരാട്ടം അവസാനിപ്പിച്ചു. 4.20 മീറ്റര്‍ ഉയരം ആദ്യ ശ്രമത്തില്‍ തന്നെ അശ്വിന്‍ മറികടന്നപ്പോള്‍ ജെസന്‍ ആദ്യ കുതിപ്പില്‍ പരാജിതനായി. അടുത്ത രണ്ടു ഘട്ടവും ഇരുവരും പാസ് പറഞ്ഞു. 4.35 മീറ്റര്‍ ഉയത്തിനായി അടുത്ത പോരാട്ടം. ജെസന്‍ പാസ് പറഞ്ഞപ്പോള്‍ അശ്വിന്‍ ആദ്യ ശ്രമത്തില്‍ ക്രോസ്ബാറില്‍ തട്ടിവീണു. അടുത്ത ശ്രമം പാസ് പറഞ്ഞ അശ്വിന്‍ ഉയരം 4.40 ലേക്ക് ഉയര്‍ത്തി. രണ്ട് അവസരങ്ങള്‍ മാത്രമാണ് പിന്നീട് അശ്വിന് ഉണ്ടായിരുന്നത്. രണ്ടിലും അശ്വിന്‍ പരാജിതനായതോടെ ജെസന്‍ സ്വര്‍ണം ഉറപ്പിച്ചു. ദേശീയ റെക്കോര്‍ഡ് ഉയരമായ 4.60 മീറ്റര്‍ മറികടക്കാനായി പിന്നീടുള്ള ശ്രമം. അതിലൂടെ 4.50 മീറ്ററിന്റെ മീറ്റ് റെക്കോര്‍ഡ് തകര്‍ക്കാനും ലക്ഷ്യമിട്ടു. എന്നാല്‍ ക്രോസ് ബാര്‍ ഒടിഞ്ഞത് താരത്തിന് വിനയായി. പോരാട്ടത്തിനിടെ മൂന്നാമത്തെ ബാറാണ് ഒടിഞ്ഞത്. ഇതിനു പകരം മറ്റൊരെണ്ണം കൊണ്ടു വരാന്‍ സംഘാടകര്‍ക്കായില്ല. പകരം, ഒടിഞ്ഞ ക്രോസ്ബാര്‍ കൂട്ടി യോജിപ്പിക്കുകയായിരുന്നു. ഇതോടെ 45 മിനുട്ടോളം മത്സരം തടസപ്പെട്ടു. ഈ കാലതാമസമാണ് ജെസന്റെ റെക്കോര്‍ഡ് യാത്രയിലേക്കുള്ള കുതിപ്പിന് വിലങ്ങുതടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."