മലപ്പുറത്തിന്റെ റുബീന; വയനാടിന്റെ നഷ്ടം
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈ ജംപില്‍ മലപ്പുറത്തെ ഐഡിയല്‍ കടകശ്ശേരിയുടെ കെ.എ റുബീന സുവര്‍ണ താരമായി. വയനാടന്‍ ചുരമിറങ്ങി മലപ്പുറത്തെ ഊരകം പഞ്ചായത്തിലെ കോട്ടുമലപറമ്പില്‍ കാവുണ്ണിയില്‍ അബൂബക്കര്‍ താമസമാക്കിയപ്പോള്‍ മലപ്പുറത്തിനു ഒരു അഭിമാന താരത്തെ ലഭിക്കുകയായിരുന്നു. ഒപ്പം വയനാടിനൊരു സുവര്‍ണ താരത്തിന്റെ നഷ്ടവും. പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയായ റുബീന കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മൂന്നാം സ്ഥാനവും അതിന് തൊട്ട് മുന്‍ വര്‍ഷം ജൂനിയര്‍ ഹൈ ജംപില്‍ സ്വര്‍ണ നേട്ടവും കൈവരിച്ചു. കോയമ്പത്തൂരില്‍ നടന്ന ദേശീയ യൂത്ത് മീറ്റില്‍ കരിയറിലെ മികച്ച ഉയരമായ 1.66 ചാടിയിരുന്നു. മുട്ടിനു വേദന അനുഭവപ്പെട്ടതിനാല്‍ ഇന്നലെ 1.64 ഉയരം ചാടാനായുള്ളു.
എങ്കിലും ദേശീയ മീറ്റില്‍ മികച്ച പ്രകടനം നടത്തുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്റര്‍ ക്ലബിലും അമച്വര്‍ മീറ്റിലും സ്വര്‍ണം ചാടി നേടിയ റുബീന പറഞ്ഞു. ഒരു സഹോദരിയും സഹോദരനുമുണ്ട് . മറിയം ആണ് മാതാവ്. നിധീഷ് ചാക്കോയാണ് പരിശീലകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."