ക്രോസ്ബാറിന് മേലെ ചിറകടിച്ചു പറന്നു ജിഷ്‌ന
തേഞ്ഞിപ്പലം: ക്രോസ്ബാറിനു മേലെ മാരത്തണ്‍ പോരാട്ടവുമായി ജൂനിയര്‍ പെണ്‍ക്കുട്ടികള്‍. സുവര്‍ണ ജേതാവിനെ നിശ്ചയിക്കാനുള്ള ചാട്ടം മണിക്കൂറുകള്‍ നീണ്ടു. ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനവും പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചുമാണ് പോരാട്ടം അവസാനിച്ചത്. കഴിഞ്ഞ മീറ്റിലെ വെള്ളി മെഡല്‍ ജേതാവായ പാലക്കാട് കല്ലടി സ്‌കൂളിലെ എന്‍ ജിഷ്ണയും സി.ബി.എസ്.ഇ മീറ്റുകളിലെ തിളക്കമേറിയ പ്രകടനത്തിനു ശേഷം ആദ്യമായി സ്‌കൂള്‍ മീറ്റിലേക്ക് ചുവടുമാറ്റിയ എറണാകുളം തേവര എസ്.എച്ചിലെ ഗായത്രി ശിവകുമാറും തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. മൈതാനത്തെ വേലിക്കെട്ടിനു പുറത്ത് കൈയടികളുമായി കാണികള്‍ നിറഞ്ഞതോടെ പോരാട്ടം ഇഞ്ചോടിഞ്ചായി.
ഒടുവില്‍ 1.70 മീറ്റര്‍ ക്രോസ്ബാര്‍ താണ്ടി ജിഷ്ണ സ്വര്‍ണം നേടി. 1.68 മീറ്റര്‍ ഉയരം മറികടന്ന് ഗായത്രി വെള്ളി സ്വന്തമാക്കി. ഇരുവരും കരിയറിലെ മികച്ച പ്രകടനമാണ് ഇന്നലെ ജംപിങ് പിറ്റില്‍ പുറത്തെടുത്തത്. 1.62 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഇരുവരും പോരാട്ടത്തിന്റെ വീറും വാശിയും പുറത്തെടുത്തത്. ജിഷ്ണ ആദ്യ ശ്രമത്തില്‍ ഉയരം കീഴടക്കിയപ്പോള്‍ ഗായത്രിക്ക് അവസാന ശ്രമത്തിലാണ് മറികടക്കാനായത്. 1.64 മീറ്റര്‍ ഉയരവും ജിഷ്‌ന അനായാസം മറിക്കടന്നപ്പോള്‍ ഗായത്രിക്ക് മൂന്നാം ചാട്ടത്തിലാണ് ഫിനിഷ് ചെയ്യാനായത്.
2013 ല്‍ കോട്ടയം ഭരണങ്ങാനം സ്‌കൂള്‍ താരമായ ഡൈബി സെബാസ്റ്റ്യന്റെ റെക്കോര്‍ഡ് പ്രകടനത്തിനൊപ്പമെത്തി. 1.66 മീറ്റര്‍ കീഴടക്കാനായി അടുത്ത ശ്രമം. ജിഷ്‌ന ആദ്യ ശ്രമത്തില്‍ തന്നെ ഉയരം കീഴടക്കി സംസ്ഥാന മീറ്റ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.
2015 ല്‍ ലിസ്ബത്ത് കരോലിന്‍ സ്ഥാപിച്ച 1.65 മീറ്ററും നിഷ്പ്രഭമായി. രണ്ടാം ശ്രമത്തില്‍ ഗായത്രിയും 1.66 മീറ്റര്‍ ക്ലിയര്‍ ചെയ്തു. 1.68 മീറ്റര്‍ ഉയരത്തിലായി അടുത്ത പോരാട്ടം. ജിഷ്‌ന ആദ്യ ശ്രമത്തില്‍ ക്രോസ്ബാര്‍ കീഴടക്കിയപ്പോള്‍ രണ്ടാം ശ്രമത്തിലാണ് ഗായത്രി ലക്ഷ്യം മറികടന്നത്.
മത്സരം 1.70 മീറ്റര്‍ ഉയരത്തിലായി. ആദ്യ രണ്ടു ചാട്ടത്തിലും ഇരുവര്‍ക്കും പിഴച്ചു. മൂന്നാം ശ്രമത്തില്‍ ഗായത്രി വീണപ്പോള്‍ സ്വര്‍ണം ഉറപ്പിച്ച് ജിഷ്‌ന ക്രോസ്ബാര്‍ താണ്ടി. പിന്നീട് 1.72 മീറ്റര്‍ ഉയരം താണ്ടാനുള്ള ശ്രമത്തിലായി ജിഷ്‌ന. പക്ഷേ മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."